കോട്ടയം: കോട്ടയത്ത് റെയില്‍വെ ട്രാക്കിലൂടെ നടന്നു പോകുകയായിരിന്നു നാലംഗ സംഘത്തിനിടയിലേക്ക് ട്രെയിന്‍ പാഞ്ഞ് കയറി അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ നീലിമംഗലം പാലത്തിന് സമീപമായിരിന്നു അപകടം. ട്രെയിനു മുന്നില്‍ നിന്നു രക്ഷപെടാന്‍ നീലിമംഗലം പാലത്തില്‍ നിന്നും ആറ്റില്‍ച്ചാടിയ ഏറ്റുമാനൂര്‍ സ്വദേശിയായ തെങ്ങുകയറ്റ തൊഴിലാളി സാബുവാണ് മരിച്ചത്. അഗ്നിരക്ഷാ സേനാ അധികൃതര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ അരമണിക്കൂറിന് ശേഷമാണ് നീലിമംഗലം പാലത്തിന്റെ രണ്ടാമത്തെ തൂണിന്റെ ചുവട്ടില്‍ അറ്റില്‍ നിന്ന് സാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
ഏറ്റുമാനൂര്‍ ഭാഗത്ത് നിന്ന് വന്ന ഇവര്‍ നീലിമംഗലം പാലം മുറിച്ച് കടക്കുന്നതിനിടെ പിന്നിലൂടെ ട്രെയില്‍ പാഞ്ഞ് വരുകയായിരിന്നു. മൂന്നുപേര്‍ മുന്നോട്ട് ഓടിയതിനാലാണ് രക്ഷപെട്ടത്. ട്രെയിന്‍ കടന്നുപോയ ശേഷമാണ് നാലാമനെ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഗാന്ധിനഗര്‍ പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. നിരവധി ആളുകളാണ് ഈ പാലത്തിലൂടെ നടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് മരിച്ചിരിക്കുന്നത്.