മുംബൈ: കൊവിഡ് 19 വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവയ്ക്കാന്‍ റെയില്‍വെ ആലോചിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്താന്‍ ഒരുങ്ങുകയാണ് റെയില്‍വേ.
അന്തിമ തീരുമാനം ഇന്ന് വൈകിട്ടോടെ ഉണ്ടാകുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് റെയില്‍വേ തലത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ചനടത്തിവരികയാണ്. ട്രെയിന്‍ സര്‍വീസുകള്‍ മാര്‍ച്ച് 25 വരെ പൂര്‍ണമായും നിര്‍ത്തിവയ്ക്കുന്ന കാര്യമാണ് പരിഗണനയിലുള്ളത്.
കഴിഞ്ഞ രണ്ട് ദിവസമായി കൊവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ റെയില്‍വേ തീരുമാനിച്ചത്. അതേസമയം, ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. ഇന്നും ഇന്നലെയുമായി രണ്ട് പേരാണ് മരിച്ചത്. മഹാരാഷ്ട്രയിലും ബിഹാറിലുമായാണ് രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.