ന്യൂഡല്‍ഹി : ഏപ്രില്‍ ഒന്നു മുതല്‍ എല്ലാ ട്രെയിനുകളും രാജ്യത്ത് സര്‍വീസ് പുനഃരാരംഭിക്കുന്നതിന് മുന്നോടിയായി പൂര്‍ണ സര്‍വീസിന് സജ്ജമാവാന്‍ ഡിവിഷന്‍ ഓഫീസുകള്‍ക്ക് റെയില്‍വേ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. സര്‍വീസുകള്‍ ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ സാമ്പത്തികമായും സാങ്കേതികമായും വലിയ നഷ്ടം ഉണ്ടാകും എന്നാണ് റെയില്‍വേയുടെ നിഗമനം.
അനുകൂലമായ അവസ്ഥയിലേക്ക് കൊവിഡ് സാഹചര്യം മാറിയെന്നും റെയില്‍വേ വിലയിരുത്തുന്നു. ഇതിന്റെ ഭാഗമായാണ് പൂര്‍ണ സര്‍വീസിന് സജ്ജമാവാന്‍ ഡിവിഷന്‍ ഓഫീസുകള്‍ക്ക് റെയില്‍വേ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ അന്തിമ അനുമതിയ്ക്കായുള്ള അപേക്ഷയും റെയില്‍വേ സമര്‍പ്പിച്ചു. എതാണ്ട് ഒരു വര്‍ഷമായി പ്രതിദിന ടൈംടെബിള്‍ പ്രകാരമുള്ള സര്‍വീസ് റെയില്‍വേ നിര്‍ത്തിവെച്ചിരിയ്ക്കുകയാണ്.
ഇപ്പോള്‍ റെയില്‍വേ 65 ശതമാനം ട്രെയിനുകള്‍ ആണ് സ്പെഷ്യല്‍ സര്‍വീസ് നടത്തുന്നത്. നേരത്തെ ജനുവരിയില്‍ തുടങ്ങാന്‍ റെയില്‍വേ നല്‍കിയ അപേക്ഷ ആഭ്യന്തര വകുപ്പ് തള്ളിയിരുന്നു. കേരളം, മഹാരാഷ്ട്ര തുടങ്ങിയ രോഗ വ്യാപനം ഉള്ള സംസ്ഥാനങ്ങളിലും എപ്രിലില്‍ തന്നെ പാസഞ്ചര്‍ അടക്കം സര്‍വീസുകള്‍ പുനരാരംഭിക്കാനാണ് റെയില്‍വേയുടെ തീരുമാനം.