ഇറങ്ങാനുദ്ദശിച്ച് സ്‌റ്റോപ്പില്‍ ട്രെയിന് സ്റ്റോപ്പില്ല,ഭര്‍ത്താവിറങ്ങിയതിന് പിന്നാലെ ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയ യുവതി തലയടിച്ചുവീണു, ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍

ആലപ്പുഴ: ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടയില്‍ പ്ലാറ്റ്ഫോമില്‍ വീണ് യുവതിക്ക് ഗുരുതര പരിക്ക്. അസാം തേസ്പുര്‍ സ്വദേശി ഫജില (24) ക്കാണ് തലക്ക് ഗുരുതരമായി പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ 5 മണിയോടെ കായംകുളം റെയില്‍വേ സ്റ്റേഷനിലെ നാലാമത്തെ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം. പരിക്ക് ഗുരുതരമായതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ചാരുംമൂട്ടിലേക്ക് പോകാനായി ഫജിലയും ഭര്‍ത്താവ് നൂര്‍ അലിയും പുലര്‍ച്ചെ എത്തിയ ഡിബ്രുഗട്ട് കന്യാകുമാരി വിവേക് എക്സ്പ്രസില്‍ നിന്ന് കായംകുളത്ത് ഇറങ്ങാന്‍ തുടങ്ങിയപ്പോഴാണ് കായംകുളത്ത് ട്രെയിനിന് സ്റ്റോപ്പില്ലെന്ന് അറിഞ്ഞത്. നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് ട്രെയിന്‍ വേഗത കുറച്ച് കടന്നു വരുന്നതിനിടയില്‍ ലഗേജുമായി നൂര്‍ അലി ആദ്യം ചാടിയിറങ്ങി. ശേഷം ഫജില ചാടിയിറങ്ങുന്നതിനിടയില്‍ നിയന്ത്രണം വിട്ട് പ്ലാറ്റ്ഫോമിലേക്ക് വീണ് തലക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.

ഉടന്‍ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍ പി എഫ് ഉദ്യോഗസ്ഥന്‍ ശ്രീനിവാന്‍ സിപിഒ യേശുദാസ് എന്നിവര്‍ ചേര്‍ന്ന് താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News