കോട്ടയം:ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്നും നാളെയും (ജനുവരി രണ്ട്, മൂന്ന്) വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി ഡി. ശില്പ അറിയിച്ചു. ഇന്ന് (ജനുവരി രണ്ട്) അതിരമ്പുഴ-മെഡിക്കൽ കോളജ്, കുട്ടോംമ്പുറം – യൂണിവേഴ്‌സിറ്റി റോഡുകളിൽ രാവിലെ 9.15 മുതൽ 11.30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
അതിരമ്പുഴ ഭാഗത്തു നിന്നു യൂണിവേഴ്‌സിറ്റി വരെ മാത്രമേ ഗതാഗതം അനുവദിക്കൂ.
അതിരമ്പുഴ ഭാഗത്തു നിന്നും മെഡിക്കൽ കോളജിലേക്കുള്ള വാഹനങ്ങൾ അതിരമ്പുഴ ഫെറോന ചർച്ചിന് മുൻവശത്ത് കൂടി പാറോലിക്കൽ കവലയിലെത്തി എം.സി. റോഡ് വഴി പോകണം.
അടിച്ചിറ ഭാഗത്തു നിന്നു യൂണിവേഴ്‌സിറ്റിയിലേക്ക് പോകേണ്ടവ അമ്മഞ്ചേരി ജംഗ്ഷനിൽ നിന്നു തിരിഞ്ഞ് ഓട്ടക്കാഞ്ഞിരം വഴി പോകണം.
നീണ്ടൂർ, കല്ലറ, വൈക്കം ഭാഗത്തു നിന്നും
മെഡിക്കൽ കോളജിലേക്കുള്ള വാഹനങ്ങൾ മാന്നാനം കവലയിലെത്താതെ സൂര്യാ കവല വാരിമുട്ടം വഴി പോകണം.
സമാന നിയന്ത്രണങ്ങൾ തിങ്കളാഴ്ച (ജനുവരി 3) രാവിലെ 8.45 മുതൽ 11.30 വരെ ഉണ്ടായിരിക്കും.
ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിനെ വരവേൽക്കാൻ ജില്ലയൊരുങ്ങി. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ(ചാവറയച്ചൻ) 150-ാം ചരമവാർഷികത്തോടനുബന്ധിച്ച് തിങ്കളാഴ്ച്ച മാന്നാനം സെന്റ് എഫ്രേംസ് ഹയർസെക്കൻഡറി സ്‌കൂളിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായാണ് ഉപരാഷ്ട്രപതി പങ്കെടുക്കുക. ഇതിന്റെ ഭാഗമായി ഇന്നലെ രാവിലെ 9.15 മുതൽ ട്രയൽ റൺ നടന്നു.
വ്യോമസേനയുടെ മൂന്നു ഹെലികോപ്ടറുകൾ ആർപ്പൂക്കരയിലെ കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ ഹെലിപ്പാടിൽ ഇറങ്ങി. വ്യോമസേന ഉദ്യോഗസ്ഥർ ഹെലിപ്പാടും മറ്റു ക്രമീകരണങ്ങളും വിലയിരുത്തി. അഗ്നിരക്ഷ സേനയുടെ സുരക്ഷാ വാഹനങ്ങളും ആരോഗ്യവകുപ്പിന്റെ ആംബുലൻസുകളുമടക്കം സുരക്ഷാ സംവിധാനങ്ങൾ സജ്ജമായിരുന്നു. മൂന്ന് ഹെലികോപ്ടറുകൾക്ക് ഇറങ്ങാനുള്ള താൽക്കാലിക ഹെലിപ്പാഡുകളാണ് നിർമിച്ചിരിക്കുന്നത്. ഇവിടെനിന്നും മാന്നാനം വരെ റോഡിന് ഇരുവശവും ബാരിക്കേഡുകൾ നിർമിച്ചുകഴിഞ്ഞു.
കൊച്ചിയിൽനിന്ന് ഹെലികോപ്ടറിൽ രാവിലെ 9.45ന് ആർപ്പൂക്കരയിലെ കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ ഹെലിപ്പാടിൽ എത്തുന്ന ഉപരാഷ്ട്രപതി റോഡു മാർഗം രാവിലെ 9.55ന് മാന്നാനം സെന്റ് എഫ്രേംസ് എച്ച്.എസ്.എസിലെത്തും. പരിപാടിയിൽ പങ്കെടുത്തശേഷം 11.15ന് റോഡു മാർഗേണ ഹെലിപ്പാടിൽ എത്തുന്ന ഉപരാഷ്ട്രപതി ഹെലികോപ്ടറിൽ കൊച്ചിയിലേക്കു മടങ്ങും.
സഹകരണ മന്ത്രി വി.എൻ. വാസവൻ, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി. എസ്. വിദ്യാധരൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ഡിവൈ.എസ്.പി. ജെ. സന്തോഷ് കുമാർ, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർമാരായ പി. ശ്രീലേഖ, അനിത മാത്യു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി.