മരം വീണു; താമരശ്ശേരി ചുരത്തിൽ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു; ആംബുലൻസുകളും ദീർഘദൂര ബസ്സുകളും കുടുങ്ങി

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ മരം വീണ് ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം നാലരയോടെ ചുരത്തിലെ രണ്ടാം വളവിലാണ് റോഡിലേക്ക് മരം വീണത്. ഇതോടെ ചുരം വഴിയുള്ള വാഹനഗതാഗതം പൂർണ്ണമായും സ്തംഭിക്കുകയായിരുന്നു. റോഡിൽ വീണ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി.

നിലവിൽ ചുരത്തിൽ മഴയില്ലാത്തത് വലിയ ആശ്വാസമാകുന്നുണ്ട്. പ്രതികൂല കാലാവസ്ഥ ഇല്ലാത്തതിനാൽ തന്നെ വളരെ വേഗത്തിലാണ് ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ മരം മുറിച്ചുമാറ്റാനുള്ള ജോലികൾ പുരോഗമിക്കുന്നത്. റോഡിലേക്ക് വീണ മരത്തിന്റെ ഭാഗങ്ങൾ മുറിച്ചുമാറ്റാനുള്ള ജോലികൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു.

മരം വീണതിനെ തുടർന്ന് മണിക്കൂറുകളായി തുടരുന്ന വലിയ ഗതാഗതക്കുരുക്കിൽ പെട്ട് നിരവധി യാത്രക്കാരാണ് ചുരത്തിൽ കുടുങ്ങിക്കിടക്കുന്നത്. ചെറിയ ഇരുചക്ര വാഹനങ്ങൾ മുതൽ അത്യാസന്ന നിലയിലുള്ള രോഗികളുമായി പോകുന്ന ആംബുലൻസുകൾ വരെ നിലവിൽ ചുരത്തിൽ മുന്നോട്ട് പോകാനാകാത്ത അവസ്ഥയിലാണ്.

രാത്രി ഒൻപത് മണിക്ക് അതിർത്തി കടക്കേണ്ട ദീർഘദൂര ബസ്സുകളും ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന അന്തർസംസ്ഥാന ബസ്സുകളും ഉൾപ്പെടെയുള്ള വാഹനങ്ങളെല്ലാം ചുരത്തിലെ കുരുക്കിൽ പെട്ടിട്ടുണ്ട്. മരം മുറിച്ചുമാറ്റുന്ന ജോലികൾ എത്രയും വേഗം പൂർത്തിയാക്കി, തടസ്സമില്ലാതെ വാഹനങ്ങൾ കടത്തിവിടാനുള്ള തീവ്രശ്രമത്തിലാണ് അധികൃതരും ഫയർഫോഴ്‌സ് സംഘവുമുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News