കോഴിക്കോട്: കൂടത്തായി കൊലപാത പരമ്പരയില്‍ പ്രതികളെ വലയിലാക്കാന്‍ ടവര്‍ ഡംപ് പരിശോധന ആരംഭിച്ചു. സംശയിക്കുന്നവരുടെ പട്ടിക തയ്യാറാക്കി അവരുടെ മൊബൈല്‍ നമ്പര്‍ ശേഖരിക്കുന്നതാണ് ആദ്യ പടി. പോലീസിന്റെ സംശയ നിഴിലിലുള്ളവര്‍ക്ക് മുഖ്യപ്രതി ജോളിയുമായുള്ള ബന്ധത്തെക്കുറിച്ച് മനസിലാക്കുന്നതിനാണ് ഈ പരിശോധന.
അതിപ്രധാനമായ കേസുകളില്‍ പലപ്പോഴും പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നത് ടവര്‍ ഡംപ് പരിശോധനയാണ്. സംശയിക്കുന്നവരുടെ മൊബൈല്‍ നമ്പര്‍ ശേഖരിച്ച് പിന്നീട് ആ നമ്പരില്‍ നിന്നും വന്നതും പോയതുമായ കോളുകളുടെ വിശദാംശം സര്‍വ്വീസ് പ്രൊവൈഡറുകളില്‍ നിന്നും ശേഖരിക്കും. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ ഇത്തരത്തിലുള്ള വിവരങ്ങള്‍ നല്‍കണം. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളില്‍ നിന്നാണ് സംശയിക്കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കുന്നത്.
സംശയിക്കപ്പെടുന്നവര്‍ എവിടെയൊക്കെ വെച്ച് ഏതൊക്കെ ദിവസങ്ങളില്‍ ഏതൊക്കെ സമയങ്ങളില്‍ പരസ്പരം ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട് എന്ന വിവരങ്ങളടങ്ങിയ ചാര്‍ട്ട് തയ്യാറാക്കും. പ്രതികള്‍ കുറ്റം നിഷേധിക്കുന്ന സമയങ്ങളില്‍ ഈ ചാര്‍ട്ട് കാണിച്ചാണ് അവരെ കുടുക്കുന്നത്. ടവര്‍ ഡംപ് പരിശോധനയിലൂടെ പ്രതികള്‍ എവിടേക്കൊക്കെ ഒരുമിച്ച് സഞ്ചരിച്ചു, എത്ര സമയം ചിലവഴിച്ചു തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്താനാകും.
കൂടത്തായി കൊലപാതക പരമ്പരയുടെ കാര്യത്തില്‍ മുഖ്യപ്രതി ജോളിയുമായി അടുത്തബന്ധമുണ്ടായിരുന്നവരെ കണ്ടെത്താനാണ് ഈ പരിശോധന നടത്തുന്നത്. ജോളിക്കൊപ്പം ആരൊക്കെ ഏതെക്കെ ദിവസങ്ങളില്‍ എവിടെയൊക്കെ പോയിട്ടുണ്ട് എപ്പോഴൊക്കെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട് തുടങ്ങിയ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ജോളിക്ക് സയനൈഡ് എത്തിച്ച് നല്‍കിയ മറ്റൊരു പ്രതി മഞ്ചാടിയില്‍ എം.എസ് മാത്യുവിനെ പോലീസ് കുടുക്കിയത് ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ്.
മാത്യു എപ്പോഴൊക്കെ കൂടത്തായിലെ പൊന്നാമറ്റം കുടുംബത്തില്‍ എത്തിയിരുന്നു ഇരുവരും ഒന്നിച്ച് എന്നൊക്കെ എവിടെയൊക്കെ യാത്ര പോയിരുന്നു തുടങ്ങിയ വിവരങ്ങള്‍ അന്വേഷണ സംഘത്തിന്റെ കൈവശമുണ്ട്. സംശയമുനയിലുള്ള നിരവധി പേരുടെ യാത്രാ ഫോണ്‍ വിളി രേഖകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.