കൊച്ചി: കോഴിക്കോട് കഴിഞ്ഞ വര്‍ഷം പൊട്ടിപ്പുറപ്പെട്ട നിപ വൈറസ് ബാധയും തുടര്‍ന്നുണ്ടായ അതിജീവനവുമാണ് ഉടന്‍ പുറത്തിറങ്ങാനിരിയ്ക്കുന്ന ആഷിഖ് അബു ചിത്രമായ വൈറസിന്റെ പ്രമേയം.രണ്ടാം വട്ടവും നിപയേക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ച് തുടങ്ങിയപ്പോള്‍ സിനിമയുടെ പ്രമോഷന് ചര്‍ച്ചകളാണ് നടക്കുന്നതെന്ന് പോലും സോഷ്യല്‍ മീഡിയയില്‍ തെറ്റായ പ്രചാരണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ കള്ളപ്രചാരണങ്ങള്‍ തെറ്റിച്ചുകൊണ്ടാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയ്ക്ക് നിപ സ്ഥിരീകരിച്ചത്.
രോഗബാധയ്ക്കെതിരായ പോരാട്ടത്തിന് സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും വലിയ പിന്തുണയുമാണ് ലഭിയ്ക്കുന്നത്. മമ്മൂട്ടിയടക്കമുള്ള നടന്മാരും നിപ്പയ്ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇത്തരത്തില്‍ യുവ നടന് ടൊവിനോ തോമസ് ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട ബോധവത്കരണ സന്ദേശത്തിന് കീഴെയാണ് താങ്കളുടെ സിനിമയ്ക്കുള്ള പരസ്യമാക്കരുതെന്ന കമന്റ് വന്നത്. ഇതിന് ഒരു മണിക്കൂറിനുശേഷം ടൊവിനോയുടെ മറുപടിയെത്തി ഈ സമീപനം നിരാശയുണ്ടാക്കുന്നതാണ്.അങ്ങനെ തോന്നുന്നെങ്കില്‍ താങ്കള്‍ ആ സിനിമ കാണേണ്ട… ടൊവിനോയുടെ മറുപടിയ്ക്ക് പിന്തുണയുമായും നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച പുറത്തിറങ്ങുന്ന വൈറസില്‍ ടൊവിനോയും അഭിനയിച്ചിട്ടുണ്ട്.നിപ ബാധിതരെ പരിചരിയ്ക്കുന്നതിനിടെ മരിച്ച ലിനിയുടെ വേഷത്തില്‍ റീമാ കല്ലുങ്കലാണ് എത്തുന്നത്.കുഞ്ചാക്കോ ബോബന്,ആസിഫലി,സൗബിന് ഷഹീര്‍,പാര്‍വ്വതി തെരുവോത്ത്,രേവതി തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിനായി ഒത്തു ചേര്‍ന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ വന്‍ ഹിറ്റായി മാറിയിരുന്നു.