കട്ടപ്പന: തമിഴ്നാട്ടില്‍ നിന്ന് പഠനയാത്രക്കെത്തിയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച മിനി ടൂറിസ്റ്റ് ബസ് മറിഞ്ഞു. ഈട്ടിത്തോപ്പില്‍ വെച്ചാണ് ബസ് നിയന്ത്രണം വിട്ടുമറിഞ്ഞത്. റോഡരികിലെ ടെലിഫോണ്‍ പോസ്റ്റില്‍ ബസ് തങ്ങി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
തമിഴ്‌നാട്ടിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് മൂന്നാറിലേക്ക് പഠനയാത്രക്ക് എത്തിയതായിരുന്നു വിദ്യാര്‍ഥികളും അധ്യാപകരും ഡ്രൈവറും അടക്കം 19 പേരടങ്ങുന്ന സംഘം. കുമളിയില്‍ നിന്ന് അടിമാലിയിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് ഈട്ടിത്തോപ്പ് പള്ളിക്ക് സമീപം കൊടുംവളവില്‍ വെച്ചാണ് അപകടം സംഭവിച്ചത്. വഴി പരിചയമില്ലാത്തതിനാല്‍ ഡ്രൈവര്‍ക്ക് കുത്തിറക്കവും കൊടുംവളവുമുള്ള റോഡില്‍ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
തലകീഴായി ബസ് മറിഞ്ഞെങ്കിലും റോഡരുകില്‍ നിന്ന ടെലിഫോണ്‍ പോസ്റ്റില്‍ തങ്ങിനിന്നു. വിദ്യാര്‍ഥികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മറിഞ്ഞ ബസില്‍ നിന്ന് യാത്രക്കാരെ ഓരോരുത്തരായി പുറത്തിറക്കുകയും വടംകെട്ടി ബസ് കുഴിയിലേക്ക് മറിയുന്നത് തടയുകയും ചെയ്തു. ബസ് മറിഞ്ഞതോടെ മാനസിക സംഘര്‍ഷത്തിലായ വിദ്യാര്‍ഥികള്‍ പഠനയാത്ര അവസാനിപ്പിച്ച് മറ്റൊരു വാഹനത്തില്‍ തിരിച്ചുപോയി.