ചെന്നൈ: ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനിടെ ചെന്നൈ രാജ്യാന്തരവിമാനത്താവളത്തില്‍ ഇറക്കാന്‍ ശ്രമിച്ച വിമാനം വന്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ശനിയാഴ്ച ഉച്ചയോടെ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് ശ്രമിച്ച ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ എ320 നിയോ വിമാനമാണ് അപകടത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം ഇടത്തോട്ട് ചെരിയുകയും ലാന്‍ഡിങ് സുരക്ഷിതമായി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയതിനെത്തുടര്‍ന്ന് പറയന്നുയരുകയുമായിരുന്നു.
ശനിയാഴ്ച വൈകീട്ടോടെ ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് കരതൊട്ടിരുന്നു. ചെറുതായി നിലത്തുതൊട്ട വിമാനം ഇടത്തോട്ട് ചെരിഞ്ഞു. വിമാനത്തിന്റെ ചിറകുകളും നിലംതൊടുമെന്ന ഘട്ടത്തിലാണ് വിമാനം വീണ്ടും പറന്നുയര്‍ന്നത്. റണ്‍വേയില്‍ വെള്ളം കെട്ടിക്കിടന്നതും ലാന്‍ഡിങ് ദുഷ്‌കരമാക്കി. ഈ സംഭവത്തിന് പിന്നാലെയാണ് വിമാനത്താവളം അടച്ചത്. കാലാവസ്ഥ അനുകൂലമായതിനെത്തുടര്‍ന്ന് വിമാനത്താവളം ഞായറാഴ്ച രാവിലെയോടെ തുറന്നു.
സംഭവത്തിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോ പുറത്തുവന്നതിനു പിന്നാലെ വിമാനയാത്രക്കാരുടെ സുരക്ഷയെച്ചൊല്ലി ചര്‍ച്ചകളും നടക്കുന്നുണ്ട്. പൈലറ്റിന്റെ മനസ്സാന്നിധ്യമില്ലായിരുന്നെങ്കില്‍ അപകടകരമായ സാഹചര്യമുണ്ടാവുമായിരുന്നെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു.