InternationalNews

പീഡനത്തിന് 10 സെക്കന്‍റ് ദൈർഘ്യമില്ല; 17കാരിയെ കയറിപ്പിടിച്ച 66കാരനെ കോടതി വെറുതെ വിട്ടു

മിലാന്‍: കൃത്യത്തിൻ്റെ സമയദൈർഘ്യത്തിന്‍റെ പേരിൽ ഒരു പീഡനക്കേസ് തള്ളിക്കളയാനാകുമോ? ഇല്ലെന്നാകും ഭൂരിഭാഗം പേരുടെയും ഉത്തരം. പക്ഷേ അങ്ങനെയുമൊരു വിധി വന്നിരിക്കുകയാണ്. സ്കൂൾ ജീവനക്കാരനായ അറുപത്തിയാറുകാരൻ പതിനേഴുകാരിയെ കയറിപ്പിടിച്ച കേസിലാണ് കോടതിയുടെ ഉത്തരവ് ചർച്ചയായിരിക്കുന്നത്.

പീഡനത്തിന് 10 സൈക്കന്‍റ് ദൈര്‍ഘ്യം ഇല്ലാത്തതിനാൽ കുറ്റമായി കാണാനാവില്ലെന്ന് നിരീക്ഷിച്ചാണ് കുറ്റാരോപിതനെ കോടതി വെറുതെ വിട്ടത്. ഇറ്റലിയിലാണ് സംഭവം. കോടതി വിധിക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം രൂക്ഷമായിരിക്കുകയാണെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.

ഹൈസ്കൂളിലെ 17കാരിയായ വിദ്യാർഥിനി നൽകിയ പീഡന പരാതിയിലാണ് സ്കൂലെ കെയർ ടേക്കറായ ആന്‍റോണിയോ അവോള എന്നയാളെ കോടതി കുറ്റവിമുക്തനാക്കിയത്. 2022 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം.

സുഹൃത്തിനോടൊപ്പം സ്റ്റെയർകേസ് കയറുന്നതിനിടെ ഇയാൾ അടിവസ്ത്രത്തിൽ കൈകടത്തി പിൻഭാഗത്ത് കടന്ന് പിടിച്ചെന്നാണ് കുട്ടി പറയുന്നത്. പെട്ടെന്ന് തന്നെ തിരിഞ്ഞ് പ്രതികരിച്ചപ്പോൾ തമാശയ്ക്കാണ് അങ്ങനെ ചെയ്തതെന്നാണ് ഇയാൾ പറഞ്ഞത്. തുടർന്ന് കുട്ടി പരാതി നൽകുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ പെൺകുട്ടിയെ കയറി പിടിച്ചെന്ന് അവോള സമ്മതിക്കുകയും ചെയ്തു. തമാശയ്ക്ക് ചെയ്തതാണെന്നാണ് ഇയാൾ അപ്പോഴും പറഞ്ഞത്. അവോളയ്ക്ക് മൂന്നരവർഷം തടവ് ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.

എന്നാൽ ആവശ്യം നിരാകരിച്ച കോടതി ഇത് ഒരു കുറ്റകൃത്യമായി കണക്കാക്കാൻ കഴിയില്ലെന്നും 10 സെക്കന്‍റ് ദൈർഘ്യം ആ പ്രവര്‍ത്തിക്ക് ഉണ്ടായില്ലെന്നുമാണ് നിരീക്ഷിച്ചത്. തുടർന്ന് ഇയാളെ വിട്ടയക്കുകയും ചെയ്തു.

കോടതി വിധി പുറത്ത് വന്നതിന് പിന്നാലെ സംഭവം രാജ്യത്ത് വലിയരീതിയിൽ ചർച്ചയായി. കോടതി വിധിക്കെതിപെ നിരവധിയാളുകളാണ് രംഗത്തെത്തിയത്. 10 സെക്കന്‍റ് ( #10second) എന്ന ഹാഷ്ടാഗിൽ നിരവധി വീഡിയോകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിട്ടുണ്ട്.

അനുമതിയില്ലാതെ ശരീരത്തിൽ സ്പർശിക്കാൻ പോലും അനുവാദം പോലും ഇല്ലെന്നാണ് എല്ലാവരും പറയുന്നത്. 10 സെക്കന്‍റ് ദൈർഘ്യമുള്ള കുറ്റകൃത്യം ഉണ്ടാക്കുന്ന ട്രോമ എത്രവലുതാണെന്ന് കാണണമെന്നും ഇവർ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker