EntertainmentKeralaNews

രാത്രിയില്‍ റൂമിലേക്ക് വരൂ എന്ന് പറയാനാണ് വിളിച്ചതെന്ന് കരുതി! തുറന്ന് പറഞ്ഞ് ലളിതശ്രീ

കൊച്ചി:തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി ഒരുകാലത്ത് തിളങ്ങി നിന്ന താരമാണ് ലളിതശ്രീ. ജഗതി ശ്രീകുമാറും ലളിതശ്രീയും ഒന്നിച്ചുള്ള കോമഡി രംഗങ്ങള്‍ പ്രശസ്തമായിരുന്നു അക്കാലത്ത്. അച്ഛന്റെ മരണശേഷമായാണ് ലളിതശ്രീ സിനിമയിലെത്തുന്നത്. 15ാം വയസിലായിരുന്നു അരങ്ങേറ്റം. ചെന്നൈയില്‍ ഞങ്ങള്‍ താമസിച്ചിരുന്ന വീടിന്റെ പേരായിരുന്നു ലളിതശ്രീ. അവിടെ വന്ന പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് ലളിതശ്രീയെ അന്വേഷിച്ചതോടെയാണ് ആ പേര് തനിക്ക് വീണതെന്ന് അവര്‍ പറയുന്നു. കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലളിതശ്രീ വിശേഷങ്ങള്‍ പങ്കിട്ടത്.

മലയാളം പഠിച്ചിരിക്കണമെന്ന് അച്ഛന് നിര്‍ബന്ധമായിരുന്നു. വെക്കേഷനൊക്കെ വന്നാല്‍ അച്ഛന്‍ നിര്‍ബന്ധിച്ച് മലയാളം പഠിപ്പിക്കും. വീട്ടിലുണ്ടെങ്കില്‍ അച്ഛന്‍ മലയാളം എഴുതിപ്പിക്കുമായിരുന്നു. അതുപോലെ വായിച്ച് കേള്‍പ്പിക്കുകയും വേണം. അന്നത് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. കളിക്കാനൊന്നും വിടാതെ എഴുത്തും വായനയുമൊക്കെ ബുദ്ധിമുട്ടായിരുന്നു. പക്ഷേ, പില്‍ക്കാലത്ത് അത് ഗുണകരമായി മാറി എനിക്ക്. ഹിന്ദി സെക്കന്‍ഡ് ലാംഗ്വേജും തെലുങ്ക് തേര്‍ഡ് ലാംഗ്വേജുമായിരുന്നു. ചെന്നൈയില്‍ വന്നപ്പോഴാണ് തമിഴും ഹിന്ദിയും പഠിച്ചത്. ഞാന്‍ ജനിച്ചത് വിജയവാഡയിലാണ്. ചേച്ചി കേരളത്തിലും.

അച്ഛന്റെ മരണം പെട്ടെന്നായിരുന്നു. ചേച്ചി കോളേജില്‍ പഠിക്കുകയായിരുന്നു. ആ വര്‍ഷം കഴിഞ്ഞതും ചേച്ചിയുടെ വിവാഹം നടത്തി. ഞാനും അമ്മയും അനിയനും ആലത്തൂരായിരുന്നു അന്ന്. എന്റെ ഒരു കസിനാണ് എന്നോട് എന്തെങ്കിലും ജോലി ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞത്. അല്ലെങ്കില്‍ നിന്നെ പെട്ടെന്ന് കെട്ടിച്ച് വിടുമെന്ന് പറഞ്ഞത്.

എന്റെയൊരു കൂട്ടുകാരി അന്ന് എന്നോട് സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. അങ്ങനെയാണ് ചെന്നൈയിലേക്ക് വന്നത്. ഇനി നീ നാട്ടിലേക്ക് വരുമ്പോള്‍ സ്വന്തം കാറില്‍ വരണമെന്നും കസിന്‍ പറഞ്ഞിരുന്നു. പറഞ്ഞാല്‍ വിശ്വസിക്കുമോയെന്നറിയില്ല, പിന്നെ ഞാന്‍ നാട്ടില്‍ വന്നത് സ്വന്തം കാറിലാണ്.

അച്ഛന്റെ അപ്രതീക്ഷിത വിയോഗ ശേഷം ഒത്തിരി പ്രതിസന്ധികളുണ്ടായിരുന്നു. സിനിമാക്കാരനാണെങ്കിലും ഞാന്‍ അഭിനയിക്കാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ ചേച്ചിയുടെ ഭര്‍ത്താവ് സമ്മതിച്ചില്ല. അങ്ങനെ അവിടെ നിന്നിറങ്ങി എന്റെ ഫ്രണ്ടിന്റെ വീട്ടിലാണ് താമസിച്ചത്. അവരാണ് സപ്പോര്‍ട്ട് തന്ന് കൂടെ നിന്നത്. അങ്ങനെയാണ് ഒരു നാടകത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. അതിന് ശേഷമാണ് സിനിമയില്‍ നിന്നുള്ള ഓഫറും വന്നത്.

ശ്രീകുമാരന്‍ തമ്പി സാര്‍ എന്നെ സുഭദ്രയെന്നേ വിളിക്കാറുള്ളൂ. നിങ്ങളുടെ യഥാര്‍ത്ഥ പേര് എന്താണെന്ന് അദ്ദേഹം ചോദിച്ചിരുന്നു. എന്തിനാണ് ഇത്രയും നല്ല പേര് മാറ്റിയതെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ലൊക്കേഷനില്‍ ഞാന്‍ എല്ലാവരുടെയും കൂടെയിരുന്ന് ചിരിക്കുന്നതൊക്കെ അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്താണ് ഇങ്ങനെ നോക്കുന്നതെന്ന് ഞാനും ചിന്തിക്കുന്നുണ്ടായിരുന്നു.

ഒരു ദിവസം അദ്ദേഹം എന്നെ അരികിലേക്ക് വിളിച്ചു. സ്‌ക്രിപ്റ്റ് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ് റൂമിലേക്ക് ക്ഷണിക്കാനായിരിക്കും വിളിച്ചതെന്നായിരുന്നു ഞാന്‍ കരുതിയത്. നിങ്ങളുടെ ചിരി മനസില്‍ നിന്നും വരുന്നതാണോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. നിങ്ങളുടെ മനസിന്റെയുള്ളില്‍ ഒരുപാട് വിഷമങ്ങളുണ്ട്. ചിരി കൊണ്ട് പൊതിയും മൗനദു:ഖങ്ങള്‍ ചിലരുടെ സമ്പാദ്യം എന്ന് പുള്ളി പറഞ്ഞതും ഞാന്‍ കരഞ്ഞുപോയി. കരയാന്‍ പറഞ്ഞതല്ല, കുറച്ചൂടെ ബോള്‍ഡാവണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker