കൊച്ചി: കൊച്ചിയിലും സമീപപഞ്ചായത്തുകളിലും നാളെ ഏഴുവരെയുള്ള ക്ലാസുകൾക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പുകയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യം ഉള്ളതിനാൽ ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്.
ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പുകയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യം ഉള്ളതിനാൽ ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായി വടവുകോട് – പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലെ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും തിങ്കളാഴ്ച അവധിയായിരിക്കും. പൊതു പരീക്ഷകൾക്ക് മാറ്റമില്ല.
ബ്രഹ്‌മപുരം മാലിന്യസംസ്‌കരണ കേന്ദ്രത്തിലെ തീ നിയന്ത്രണ വിധേയമെന്ന് മന്ത്രി പി. രാജീവ്. കളക്ടറേറ്റിൽ ചേർന്ന അടിയന്തര ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി. വൈകിട്ടോടെ പൂർണമായും തീയണയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. സമീപത്തെ പുഴയിൽനിന്നും വെള്ളം പമ്പുചെയ്യാൻ ശക്തിയേറിയ മോട്ടർ എത്തിച്ചു. ഫ്‌ളോട്ടിങ് ജെസിബികളും ഇതിനായി എത്തിച്ചതായും മന്ത്രി അറിയിച്ചു.
ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കോർഡിനേഷൻ കമ്മിറ്റിയെ നിയോഗിച്ചു. കോർപ്പറേഷൻ, ഫയർഫോഴ്‌സ്, പൊലീസ്, ആരോഗ്യവകുപ്പ്, കെഎസ്ഇബി, ബിപിസിഎൽ, സിയാൽ തുടങ്ങിയവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. ബ്രഹ്‌മപുരം മാലിന്യസംസ്‌കരണ കേന്ദ്രത്തിലേക്കുള്ള റോഡ് സൗകര്യം കോർപ്പറേഷൻ ഉറപ്പുവരുത്തും. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പി. രാജീവ് പറഞ്ഞു. മാലിന്യനീക്കം പുനരാരംഭിക്കാൻ കളക്ടറുടെ നേതൃത്വത്തിൽ താൽക്കാലിക സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ഒരാഴ്ചത്തേക്കാണ് താൽക്കാലിക സംവിധാനം ഏർപ്പെടുത്തുക.
വീട്ടിൽനിന്നും പുറത്തുപോകുന്നവരെല്ലാം എൻ-95 മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. എന്നാൽ എല്ലാവരും മുൻകരുതൽ സ്വീകരിക്കണം. പ്രായമുള്ളവർ, ശ്വാസതടസമുള്ളവർ, ഗർഭിണികൾ, കുട്ടികൾ എന്നിങ്ങനെയുള്ളവർ പുകശ്വസിക്കുന്ന സാഹചര്യം ഒഴിവാക്കണം. ജനറൽ ആശുപത്രി, മെഡിക്കൽ കോളജ് ഉൾപ്പെടെ ആശുപത്രികളിൽ പ്രത്യേകസജ്ജീകരണം ഏർപ്പെടുത്തിയതായും ആരോഗ്യമന്ത്രി അറിയിച്ചു. കളമശേരി മെഡിക്കൽ കോളജിൽ സ്‌മോക് അത്യാഹിത വിഭാഗം ഒരുക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് രണ്ട് കൺട്രോൾ റൂമുകൾ തുറന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
ബ്രഹ്‌മപുരത്തെ മാലിന്യകൂമ്പാരത്തിലെ കനത്ത വിഷപ്പുക ശ്വസിച്ച 20 അഗ്‌നിശമനസേനാ ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഛർദിയും ശ്വാസതടസ്സവും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ ചികിത്സ തേടിയതെന്ന് ജില്ലാ ഫയർ ഓഫിസർ എം കെ സതീശൻ അറിയിച്ചു. വൈകിട്ടോടെ 80 ശതമാനം തീയും അണയ്ക്കാനാകും എന്നാണ് പ്രതീക്ഷ. വിഷപ്പുകയും കാറ്റുമാണ് തീയണയ്ക്കുന്നതിന് തടസ്സായി നിൽക്കുന്നത്. 25 യൂണിറ്റുകളിലായി 150ഓളം ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ബ്രഹ്‌മപുരം തീപടിത്തത്തിൽ കൊച്ചി നഗരസഭയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡ് പിഴ ചുമത്തി. 1.8 കോടി രൂപ കോർപ്പറേഷൻ പിഴ അടയ്ക്കണമെന്നാണ് ഉത്തരവ്. നിയമപരമായ നടപടികൾക്ക് ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മലിനീകരണ നിയന്ത്രണബോർഡ് ചെയർമാൻ എ ബി പ്രദീപ് കുമാർ പറഞ്ഞു. 15 ദിവസത്തിനകം ഇതുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം.
പ്ലാസ്റ്റിക് മാലിന്യത്തിന് തീ പിടിച്ചത് മൂലം വൻ പാരിസ്ഥിതിക ആഘാതമാണ് നഗരത്തിലുണ്ടായത്. പരിസ്ഥിതിക്കുണ്ടായ ആഘാതം മറ്റ് നഷ്ടങ്ങൾ എന്നിവ വിലയിരുത്തി കോർപ്പറേഷന് വീണ്ടും പിഴ ചുമത്തുമെന്നും മലിനീകരണ നിയന്ത്രണബോർഡ് ചെയർമാൻ വ്യക്തമാക്കി. ബയോ മൈനിങ് നടപടികൾ പൂർത്തിയാക്കേണ്ട സമയം കഴിഞ്ഞു. നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വന്ന വീഴ്ചയാണ് സ്ഥിതി ഗുരുതരമാക്കിയത്.
ഫയർ ഹൈഡ്രന്റുകൾ പ്രവർത്തിച്ചിട്ടില്ല. ഐഐടി മദ്രാസുമായി ചേർന്ന് എയർ പ്യൂരിഫയർ സ്ഥാപിക്കുമെന്നും മലിനീകരണ നിയന്ത്രണബോർഡ് ചെയർമാൻ പറഞ്ഞു. വായുവിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിന് ഉദ്ദേശിച്ചാണ് ഈ സംവിധാനം. അതേസമയം ബ്രഹ്‌മപുരത്ത് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പാലാരിവട്ടം, കലൂർ, വൈറ്റില എന്നിവിടങ്ങളിലെ അന്തരീക്ഷത്തിൽ നിന്ന് പുക ഒരു പരിധിവരെ നീങ്ങിയിട്ടുണ്ട്.