കൊച്ചി: ഓണസദ്യയൊരുക്കാൻ മലയാളിക്ക് ഇത്തവണ വിദേശത്തു നിന്നൊരു അതിഥിയുണ്ടാവും. കക്ഷി ചില്ലറക്കാരനല്ല, പിടിവിട്ട് വില കുതിക്കുന്ന തക്കാളിയാണ്.
വില നിയന്ത്രിക്കാൻ നേപ്പാളില്‍ നിന്ന് തക്കാളി ഇറക്കുമതിക്ക് കേന്ദ്രം ശ്രമം തുടങ്ങിയിട്ടുണ്ട്.
കേരളത്തില്‍ ഓണാഘോഷ കാലമായതിനാല്‍ സര്‍ക്കാരിന്റെ ഹോര്‍ട്ടികോര്‍പ്, കണ്‍സ്യൂമര്‍ഫെഡ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴി സബ്സിഡി നിരക്കില്‍ തക്കാളിയെത്തിച്ച് വിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനാണ് ആലോചന.
നേപ്പാളില്‍ 60രൂപയില്‍ താഴെയാണ് തക്കാളിക്ക് വില. ഇത് ഇനിയും കുറയാനും ഇടയുണ്ട്.
സാധാരണക്കാരെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയാതെ കുഴങ്ങുകയാണ് സര്‍ക്കാര്‍. ഹോര്‍ട്ടികോര്‍പില്‍ പൊതുവിപണിയിലേക്കാള്‍ വിലക്കൂടുതലാണെന്ന് കഴിഞ്ഞദിവസം നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ആരോപണമുന്നയിച്ചിരുന്നു.
വിപണിയില്‍ സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്താതെ സാധനങ്ങളുടെ വില കുറയില്ലെന്നാണ് വിദഗ്ദ്ധരും പറയുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നേപ്പാളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന തക്കാളിക്ക് ആവശ്യമുന്നയിക്കാനുള്ള സംസ്ഥാനത്തിന്റെ നീക്കം.
തക്കാളി വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ രാജ്യത്തെ വിവിധ നഗരങ്ങളില്‍ കണ്‍സ്യൂമര്‍ ഫെഡറേഷൻ നേരിട്ട് തക്കാളി എത്തിക്കുന്നുണ്ട്. നേപ്പാളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന തക്കാളി ഉടൻതന്നെ ലക്നൗ, വാരാണസി, കാണ്‍പുര്‍ എന്നിവിടങ്ങളിലേക്ക് എത്തുമെന്നാണ് കേന്ദ്രത്തിന്റെ പ്രഖ്യാപനം. അതിനൊപ്പം കേരളത്തിലേക്കു കൂടി തക്കാളിയെത്തിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും.
ആര്‍ക്കും നിയന്ത്രിക്കാനാവാതെ കുതിക്കുകയാണ് തക്കാളി വില. പല ജില്ലകളില്‍ തോന്നിയ പോലെ പല വിലയാണ്. മിക്കയിടത്തും കിലോഗ്രാമിന് 120 രൂപയ്ക്ക് താഴേക്ക് പോവുന്നില്ല. തമിഴ്നാട്ടിലെ വിലയുടെ ഇരട്ടിയാണ് കേരളത്തില്‍ തക്കാളിക്ക്. പൊള്ളാച്ചി ചന്തയില്‍ 60 രൂപയാണ് വിലയെങ്കില്‍ കേരള അതിര്‍ത്തി കടന്നുവരുമ്ബോള്‍ കിലോക്ക് 120 രൂപയാണ് വില.
വാഹനകൂലിക്കുപുറമേ, ഒരുപെട്ടിയിലെ രണ്ടു കിലോയോളം ചീഞ്ഞു പോകുമെന്നതിനാല്‍ കിലോയ്ക്ക് 120 രൂപയെങ്കിലും കിട്ടിയാലേ നഷ്ടമില്ലാതെ വില്ക്കാൻ കഴിയുകയുള്ളൂവെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഉദുമലൈപ്പേട്ടയ്ക്ക് ചുറ്റുമുള്ള നിരവധിഗ്രാമങ്ങളില് തക്കാളി കൃഷി വ്യാപകമായി ചെയ്തിട്ടുണ്ട്. വില 160 കടന്നപ്പോള്‍ കൂടുതല്‍ കര്‍ഷകരും തക്കാളി കൃഷിയിലേക്ക് തിരിഞ്ഞു.
നേപ്പാള്‍ സര്‍ക്കാര്‍ പച്ചക്കറി കൃഷിക്ക് സബ്സിഡി ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇതോടെ പച്ചക്കറി കൃഷിയിലൂടെ വലിയ നേട്ടമാണ് നേപ്പാളിലെ കര്‍ഷകര്‍ ഉണ്ടാക്കുന്നത്.
ഡല്‍ഹി, ബിഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാൻ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലേക്കാണ് കണ്‍സ്യൂമര്‍ ഫെഡറേഷൻ തക്കാളി എത്തിക്കുന്നത്. കൂടുതല്‍ സ്റ്റോക്ക് എത്തുന്നതോടെ ഡല്‍ഹിയില്‍ വില 70 രൂപയിലേക്ക് താഴ്ന്നിട്ടുണ്ട്.
കേരളത്തിലും നേപ്പാള്‍ തക്കാളിയെത്തിക്കുന്നതോടെ വില കുത്തനേ കുറയും. സര്‍ക്കാരിന്റെ വിപണി ഇടപെടലുണ്ടാവുന്നതോടെ മറ്റ് പച്ചക്കറികള്‍ക്കും വില കുറയുമെന്നാണ് വിലയിരുത്തല്‍.