പാലക്കാട്: തക്കാളി വില കൂപ്പുകുത്തി. ആഴ്ചകള്‍ക്ക് മുന്‍പ് ഒരു കിലോ തക്കാളിയുടെ വില നൂറ് രൂപയ്ക്ക് മുകളിലായിരുന്നുവെങ്കില്‍ ഇപ്പോള്‍ നാലും അഞ്ചും രൂപയ്ക്കാണ് തക്കാളി വില്‍പ്പന നടക്കുന്നത്. വില കൂപ്പുകുത്തിയതോടെ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് പാലക്കാട്ടെ തക്കാളി കര്‍ഷകര്‍.
ഒരാഴ്ച മുന്‍പ് കിലോക്ക് ഇരുനൂറു രൂപ വരെ എത്തിയപ്പോള്‍ കേരളത്തില്‍ തക്കാളി ഉത്പാദനം കുറവായിരുന്നു. ഇപ്പോള്‍ വിളവെടുപ്പ് തുടങ്ങിയപ്പോള്‍ തക്കാളി വില പടവലങ്ങ പോലെ താഴോട്ടാണ് പതിക്കുന്നത്. നാലും അഞ്ചും രൂപയ്ക്കാണ് തക്കാളി വില്‍പ്പന. കൃഷിക്കിറക്കിയ പണം പോലും മടക്കി കിട്ടാത്ത വിധം പ്രതിസന്ധി എന്ന് കര്‍ഷകര്‍ പറയുന്നു.
തക്കാളി വില ഉയര്‍ന്നപ്പോള്‍ പിടിച്ചു കെട്ടാന്‍ സര്‍ക്കാര്‍ പല മാര്‍ഗങ്ങളും സ്വീകരിച്ചു. എന്നാല്‍ വില താഴോട്ട് വരുമ്പോള്‍ നടപടി ഇല്ലാത്തത് എന്തു കൊണ്ടെന്ന് കര്‍ഷകര്‍ ചോദിക്കുന്നു. 16 ഇനം പച്ചക്കറികള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ചെന്നു സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും അതിന്റെ പ്രയോജനം ഉണ്ടാകുന്നില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.