വി.എസിന് എതിരായ കേസില്‍ ജയം; ഉമ്മന്‍ ചാണ്ടിക്ക് ഇന്ന് പുതുപ്പള്ളിയില്‍ സ്വീകരണം

കോട്ടയം: കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിക്ക് ഇന്ന് പുതുപ്പള്ളിയില്‍ സ്വീകരണം. സോളാര്‍ കേസിലെ ആരോപണങ്ങളെ തുടര്‍ന്ന് വി എസ് അച്യുതാനന്ദനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ അനുകൂല വിധി ഉണ്ടായ ശേഷം ആദ്യമായാണ് ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലെ വീട്ടിലെത്തുന്നത്. കോട്ടയത്തെ പ്രവര്‍ത്തകരാണ് സ്വീകരണം ഒരുക്കുന്നത്.

പുതുപ്പള്ളിയിലെ വീട്ടില്‍ വച്ച് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പരിപാടിയെന്ന് നേതാക്കള്‍ അറിയിച്ചു. 2013 ജൂലൈയില്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സോളാറില്‍ ഉമ്മന്‍ ചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്റെ ആരോപണത്തിനെതിരെയാണ് ഉമ്മന്‍ ചാണ്ടി കോടതിയെ സമീപിച്ചത്. സോളാര്‍ തട്ടിപ്പ് നടത്താന്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്പനി രൂപീകരിച്ച് അതുവഴി സാമ്പത്തിക തട്ടിപ്പ് നടത്തി എന്നതായിരുന്നു വിഎസിന്റെ പ്രസ്താവന.

ഇതിനെതിരെയാണ് 2014ല്‍ ഹര്‍ജി നല്‍കിയത്. തന്നെ സമൂഹത്തിന് മുന്നില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഉമ്മന്‍ ചാണ്ടി കോടതിയെ സമീപിച്ചത്.തിരുവനന്തപുരം സബ് കോടതിയാണ് ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. കേസില്‍ അപ്പീല്‍ പോകുമെന്ന് വിഎസ് വ്യക്തമാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News