ടെഹ്റാൻ: ഇറാനെതിരേ സൈനിക നടപടി വേണമോ എന്ന കാര്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമുണ്ടാകുമെന്ന് പറഞ്ഞെങ്കിലും വെറും രണ്ടുദിവസത്തിനുള്ളില്‍ തന്നെ അമേരിക്ക ആക്രമണം നടത്തി. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളാണ് യുഎസ് ആക്രമിച്ചത്. വിദഗ്ധമായ പദ്ധതികളോടെ അതിമാരകമായ മിസൈലുകളും ബോംബുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ടൊമഹോക്ക് ക്രൂയിസ് മിസൈലുകളും ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും അമേരിക്ക ഉപയോഗിച്ചു. ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ ആണവകേന്ദ്രങ്ങള്‍ ആക്രമിച്ച യുഎസ് ഇറാന് മുന്നറിയിപ്പ് കൂടി നല്‍കിയാണ് മടങ്ങിയത്.
യുഎസ് നാവിക സേനകള്‍ ഉപയോഗിക്കുന്ന ലോങ് റേഞ്ച്, സബ്‌സോണിക് ക്രൂയിസ് മിസൈലുകളാണ് ടോമഹോക്ക് മിസൈലുകള്‍. ഉന്നം പിഴയ്ക്കാത്ത ആക്രമണമാണ് ഈ മിസൈലുകളുടെ പ്രത്യേകത. കപ്പലുകളില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും ഈ മിസൈലുകള്‍ പ്രയോഗിക്കാനാകും. താഴ്ന്നു പറക്കാന്‍ സാധിക്കുന്നതും നൂതന സംവിധാനങ്ങളുള്ളതുമായ മിസൈലുകള്‍ക്ക് സങ്കീര്‍ണമായ ഭൂപ്രദേശങ്ങളില്‍ കടന്നുകയറി ശത്രുക്കളുടെ വ്യോമപ്രതിരോധത്തെ തകര്‍ക്കാനാകും.
1970-കളില്‍ ശീതയുദ്ധകാലഘട്ടത്തിലാണ് ഈ മിസൈലുകള്‍ ആദ്യമായി ഉപയോഗിക്കുന്നത്. ഏകദേശം 5.6 മീറ്റര്‍ നീളവും 1600 കിലോഗ്രാം ഭാരവുമുണ്ടാകും. മണിക്കൂറില്‍ 880 കിലോമീറ്റര്‍ വേഗതയില്‍ മിസൈലുകള്‍ക്ക് സഞ്ചരിക്കാനാകും. 1600 കിലോമീറ്റര്‍ ദൂരമാണ് ആക്രമണപരിധി. മാത്രമല്ല, റഡാര്‍ സംവിധാനങ്ങളുടെ കണ്ണില്‍പ്പെടാതെ എതിര്‍പാളയത്തെ തകര്‍ക്കാനുമാകും.
കൃത്യതയോടെ ലക്ഷ്യസ്ഥാനത്തെത്താന്‍ സ്മാര്‍ട്ട് നാവിഗേഷന്‍ സംവിധാനങ്ങൾ ഉപയോഗിച്ചാണ് മിസൈലിന്റെ പ്രവര്‍ത്തനം. ജിപിഎസ്, ഇന്റീരിയല്‍ നാവിഗേഷന്‍ സിസ്റ്റം(ഐഎന്‍എസ്) സംവിധാനങ്ങളെയാണ് ടോമഹോക്ക് മിസൈലുകള്‍ ആശ്രയിക്കുന്നത്. നൂതന ടെര്‍കോം സംവിധാനങ്ങളും മിസൈലുകള്‍ ഉപയോഗിക്കുന്നു. ഇതുപയോഗിച്ച് ഭൂപ്രദേശങ്ങളെ നേരത്തേ ക്രമീകരിച്ച ഭൂപടങ്ങളുമായി താരതമ്യം ചെയ്യാന്‍ സാധിക്കുന്നു. പാതിവഴിയില്‍ വെച്ച് സഞ്ചാരപാതയും ലക്ഷ്യസ്ഥാനങ്ങളും മാറ്റാനും പദ്ധതി ഉപേക്ഷിക്കാനും സാധിക്കുന്ന സംവിധാനങ്ങളും മിസൈലിലുണ്ട്.
ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളാണ് അമേരിക്ക ആക്രമിച്ചത്. ഇറാനിലെ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ വിജയകരമായ ആക്രമണം പൂര്‍ത്തിയാക്കി എന്നാണ് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലെ ആദ്യ പോസ്റ്റില്‍ അവകാശപ്പെട്ടത്. ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണം വന്‍ വിജയമായിരുന്നുവെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു. ‘യു.എസ് സൈന്യത്തിന്റെ സുപ്രധാന നേട്ടമാണിത്. ആണവായുധമുണ്ടാക്കാനുള്ള ഇറാന്റെ ശേഷി തകര്‍ക്കുകയായിരുന്നു ലക്ഷ്യം. അതുവഴി ലോകത്തെ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സ്‌പോണ്‍സറായ ഇറാന്റെ ആണവഭീഷണിയും അവസാനിപ്പിക്കാനായിരുന്നു നടപടി. ദൗത്യം ഗംഭീര വിജയമായിരുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടു.


