ഇറാന്‍റെ ആക്രമണത്തില്‍ കനത്ത നാശനഷ്ടം, ടെല്‍ അവീവിലാകെ പൊടിയും പുകയും

ഇറാന്‍റെ ആക്രമണത്തില്‍ കനത്ത നാശനഷ്ടം, ടെല്‍ അവീവിലാകെ പൊടിയും പുകയും | ദൃശ്യങ്ങള്‍

ടെല്‍ അവീവ്: ഇസ്രയേലിനെതിരെ ഇറാന്‍ ഞായറാഴ്ച നടത്തിയത് കനത്ത ആക്രമണം. തുടര്‍ന്ന് ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ യുഎസും പങ്കാളിയായി. ടെല്‍ അവീവിലുണ്ടായ നാശനഷ്ടങ്ങളുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ടെല്‍ അവീവില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചതായി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. നഗരത്തിലാകമാനം പുകയും പൊടിപടലവും നിറഞ്ഞതായും ദൃശ്യങ്ങളില്‍ കാണാം.

നഗരമധ്യത്തിലെ പടുകൂറ്റന്‍ കെട്ടിടം തകര്‍ന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളം കൂടി ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് ഇറാന്‍ പറഞ്ഞു. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റതായി ഇസ്രയേല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇറാന്റെ വിവിധയിടങ്ങളില്‍ കനത്ത ബോംബാക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന് ട്രംപ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ഇറാനും ഇസ്രയേലും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ ഇടപെട്ട് യുഎസ് ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തി. ഇത് പശ്ചിമേഷ്യയിലുടനീളം ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. മിസോറിയില്‍ നിന്ന് ഏകദേശം 37 മണിക്കൂറോളം നിര്‍ത്താതെ പറന്ന യുഎസ് ബി-2 സ്പിരിറ്റ് ബോംബര്‍ വിമാനങ്ങള്‍, ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തി.

പത്തിടങ്ങളില്‍ ആക്രമണം ഉണ്ടായതായി ഇസ്രയേല്‍ പറഞ്ഞു. സമാധാനം അല്ലെങ്കില്‍ ദുരന്തം, ഇതിലൊന്നേ സാധ്യമാകൂവെന്നും ഇറാന് നല്‍കിയ മുന്നറിയിപ്പില്‍ ട്രംപ് പറഞ്ഞു. ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള യുഎസ് ആക്രമണം ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിലെ സുപ്രധാന വഴിത്തിരിവായാണ് വിലയിരുത്തപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News