കൊച്ചി:കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി അടച്ച തൃപ്പൂണിത്തുറയിലെ വെയ്റ്റിംഗ് ഹാൾ തുറക്കാത്തതിനാൽ ടോയ്ലറ്റ് സൗകര്യം പോലുമില്ലാതെ നിരവധി യാത്രക്കാർ ഇപ്പോൾ ബുദ്ധിമുട്ടുകയാണ്. നിലവിൽ പുരുഷൻമാർക്കുള്ള പൊതുടോയ്ലറ്റിന്റെ ഡോറിന് 🔓ലോക്കുകൾ ഇല്ലാത്തതിനാൽ ഉപയോഗിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. പുരുഷൻമാരോടും സ്ത്രീകളുടെ ടോയ്ലറ്റ് ഉപയോഗിക്കാനുള്ള നിർദേശമാണ് ഇപ്പോൾ സ്റ്റേഷനിൽ നിന്നും നൽകുന്നത്. എല്ലാ സൗകര്യങ്ങളോടും കൂടിയ വെയ്റ്റിംഗ് ഹാൾ ഉണ്ടെങ്കിലും വി ഐ പികൾക്ക് മാത്രം തുറന്നുകൊടുക്കുകയുള്ളുവെന്ന നിലപാടാണ് ഇപ്പോൾ അധികൃതർ സ്വീകരിച്ചിരിക്കുന്നത്. കോവിഡിന് മുമ്പ് വരെ യാത്രക്കാർ ഉപയോഗിച്ചിരുന്ന വെയ്റ്റിംഗ് ഹാളാണിത്.
കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായാണ് സ്റ്റേഷനിലെ വെയ്റ്റിംഗ് ഹാൾ അടച്ചത്. ഇന്ത്യയിൽ എല്ലാ സ്റ്റേഷനുകളിലും കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ പ്രാബല്യത്തിൽ വന്നപ്പോളും, ശീതീകരിച്ച വെയ്റ്റിംഗ് ഹാൾ അടക്കം യാത്രക്കാർക്ക് തുറന്നുകൊടുത്തപ്പോഴും തൃപ്പൂണിത്തുറ സ്റ്റേഷനിലെത്തുന്നവർ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും മറ്റുമാർഗങ്ങൾ സ്വീകരിക്കേണ്ട അവസ്ഥയാണ് ഇപ്പോഴും ഉള്ളത്. ബഹുദൂര സർവീസുകളടക്കം നിരവധി ട്രെയിനുകൾക്ക് സ്റ്റോപ്പ് ഉള്ള തൃപ്പൂണിത്തുറ സ്റ്റേഷനെ പ്രതിദിനം മൂവായിരത്തിലേറെ യാത്രക്കാർ ആശ്രയിക്കുന്നുണ്ട്. സുരക്ഷിതമായി ട്രെയിൻ കാത്തിരിക്കാനുള്ള അവസരമാണ് ഇതിലൂടെ നിഷേധിച്ചിരിക്കുന്നത്.
പാലരുവി, വേണാട് എക്സ്പ്രസ്സുകളിൽ വാതിൽപ്പടിയിൽ വരെ തിങ്ങിനിറഞ്ഞാണ് യാത്രക്കാർ തൃപ്പൂണിത്തുറ എത്തുന്നത്. സ്റ്റേഷനിൽ ഇറങ്ങി ഓൺലൈൻ ടാക്സി ബുക്ക് ചെയ്യുന്നവരും ദീർഘദൂര യാത്രചെയ്തിറങ്ങുന്നവരും വെയ്റ്റിംഗ് ഹാൾ ഉപയോഗപ്പെടുത്തിയിരുന്നു. നിലവിലെ പൊതുശൗചാലയത്തിന് മുന്നിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ട്രെയിനുള്ളിലെ ടോയ്ലറ്റ് ഇടനാഴിയിൽ പോലും ആളുകൾ തിങ്ങിനിറഞ്ഞു നിൽക്കുന്നതിനാൽ യാത്രാവേളയിൽ ടോയ്ലറ്റ് ഉപയോഗിക്കാൻ സാധ്യമല്ല. ഈ സാഹചര്യത്തിൽ തൃപ്പൂണിത്തുറ സ്റ്റേഷനിൽ ഇറങ്ങുന്നവരെ മാനസികമായും ആരോഗ്യപരമായും അവശരാക്കുന്ന സമീപനമാണ് വെയ്റ്റിംഗ് ഹാൾ നിഷേധിക്കുന്നതിലൂടെ നേരിടുന്നത്.
കേരളത്തിലെ ഐ റ്റി മേഖലയുടെ ഹബ്ബായ തൃപ്പൂണിത്തുറയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി യാത്രക്കാരെത്തുന്നുണ്ട്. കോവിഡിന് മുമ്പ് പ്രവർത്തിച്ചിരുന്ന പോലെ വിവേചനമില്ലാതെ വെയ്റ്റിംഗ് ഹാൾ യാത്രക്കാർക്കായി തുറന്നുനൽകുന്നതിന് ആവശ്യമായ ഇടപെടൽ ജനപ്രതിനിധികളിൽ നിന്നും അധികാരികളിൽ നിന്നും ഉണ്ടാകണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.