KeralaNews

സംസ്ഥാനം പനിച്ചുവിറയ്ക്കുന്നു: ഇന്ന് 13,409 പേർ പനിബാധിതർ; പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്നു. എലിപ്പനി, ഡെങ്കിപ്പനി, H1N1 തുടങ്ങിയ രോ​ഗങ്ങൾ മൂലമുള്ള മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. വ്യാഴാഴ്ച്ച വരെയുള്ള കണക്കനുസരിച്ച് 13,409 പേർക്കാണ് സംസ്ഥാനത്ത് പനി റിപ്പോർട്ട് ചെയ്തത്.

നാലു ജില്ലകളിൽ ആയിരത്തിലേറെ പനിക്കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവുമധികം രോ​ഗികളുള്ള മലപ്പുറത്ത് 2051 പേർക്കാണ് പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോട്-1542, തിരുവനന്തപുരം-1290, എറണാകുളം-1216 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ സ്ഥിരീകരണനിരക്ക്. 53 പേർക്ക് ഡെങ്കിപ്പനിയും എട്ടുപേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. 282 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലാണ്. ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ചു മരിച്ചവരുടെ എണ്ണം 39 ആയി.

സംസ്ഥാനത്ത് വ്യാഴാഴ്ച മൂന്നുപേരാണ് പനി ബാധിച്ചു മരിച്ചത്. കുറ്റിപ്പുറം സ്വദേശിയായ പതിമൂന്നുകാരൻ ​ഗോകുലിന്റെ മരണം H1N1 മൂലമെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ചും കൊല്ലത്ത് ഡെങ്കിപ്പനി മൂലവും ഓരോ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ രണ്ടു ദിവസം മാത്രം പനിബാധിച്ചു മരിച്ചവർ പത്തുപേരാണ്. അതിനിടെ ഇനിയും പനിവ്യാപനം കൂടുമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇടവിട്ടുള്ള മഴ കൊതുകുകൾ പെരുകുന്നതിന് കാരണമാകാമെന്നും വെള്ളം കെട്ടികിടക്കുന്ന ഇടങ്ങളിൽ പ്രതിരോധം ശക്തമാക്കണമെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു. രോ​ഗലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ നടത്താതെ വിദ​ഗ്ധ സേവനം ലഭ്യമാക്കുകയും മതിയായ വിശ്രമം തേടുകയും ചെയ്യണം. കുട്ടികൾ, പ്രായമായവർ, ​ഗർഭിണികൾ, ​ഗുരുതര രോ​ഗമുള്ളവർ തുടങ്ങിയവർ കൂടുതൽ കരുതൽ പാലിക്കണമെന്നും ഇക്കൂട്ടർ മാസ്ക് ധരിക്കുന്നതാണ് അഭികാമ്യമെന്നും മന്ത്രി വ്യക്തമാക്കി.

വീടിനു പുറത്തെന്നപോലെ വീടുകൾക്കുള്ളിലും കൊതുകുകൾ പെരുകാമെന്നും ചെടികൾ വെച്ചിരിക്കുന്ന ഭാ​ഗങ്ങൾ, ഫ്രിഡ്ജിന്റെ ട്രേ മുതലായവ നന്നായി പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു പ്രവർത്തിക്കാനും ആരോ​ഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പാക്കണമെന്നും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മോണിറ്ററിങ് സെൽ രൂപവത്കരിക്കുമെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button