കോട്ടയം: റെയിൽവേ സ്റ്റേഷനിൽ വികസനങ്ങളെക്കാൾ പ്രാധാന്യം നൽകേണ്ടത് വികസനങ്ങളിലെ പാളിച്ചകൾ പരിഹരിക്കുന്നതിനാണ്. കോട്ടയം റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നവരുടെ ദുരിതങ്ങൾക്ക് പരിഹാരം കാണാൻ ആവശ്യമായ ഇടപെടൽ ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു.
കേരളത്തിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡും റെയിൽവേ സ്റ്റേഷനും തോളുരുമി നിൽക്കുന്ന മറ്റൊരു സ്ഥലവുമുണ്ടാകില്ല. എന്നാൽ നാഗമ്പടം ബസ് സ്റ്റാൻഡിൽ ഇറങ്ങുന്ന യാത്രക്കാരൻ ചുറ്റിക്കറങ്ങിയാണ് റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കേണ്ടത്. ഓട്ടോയോ ബാസോ ഉൾപ്പെടെയുള്ള മറ്റു ഗതാഗതമാർഗ്ഗങ്ങൾ സ്വീകരിക്കേണ്ട ഗതികേടിലാണ്. സ്റ്റാൻഡിൽ നിന്ന് ഒറ്റമതിൽ മറമാത്രമുള്ള റെയിൽവേ സ്റ്റേഷനിലെത്താൻ ഇപ്പോൾ അരമണിക്കൂറിലധികം നടപ്പുദൂരമുണ്ട്.
കോട്ടയം റെയിൽവേ സ്റ്റേഷനിൽ 1 A പ്ലാറ്റ് ഫോം പൂർത്തിയായതോടെ റെയിൽ മുറിച്ചു കടക്കാൻ പാടില്ലെന്ന് കാണിച്ച് റെയിൽവേ സ്റ്റേഷനിലേയ്ക്കുള്ള വഴി കൊട്ടിയടയ്ക്കുകയായിരുന്നു. ബസ് സ്റ്റാൻഡിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേയ്ക്ക് എത്തിപ്പെടാൻ കാൽനടപ്പാതയോ ഓവർ ബ്രിഡ്ജ് പോലുള്ള സൗകര്യങ്ങളോ അടിയന്തിരമായി ഒരുക്കണം.
നിലവിൽ ട്രെയിൻ ടിക്കറ്റ് സ്റ്റേഷനിൽ വന്ന് എടുക്കുന്നത് റെയിൽവേ തന്നെ നിരുത്സാഹപ്പെടുത്തുകയാണ്. UTS പോലുള്ള മൊബൈൽ ആപ്പിൽ നിന്നാണ് ഭൂരിപക്ഷം യാത്രക്കാരും ടിക്കറ്റ് എടുക്കുന്നത്. അതല്ലെങ്കിൽ പോലും ഓവർ ബ്രിഡ്ജിൽ കരാർ അടിസ്ഥാനത്തിൽ ടിക്കറ്റ് കൗണ്ടറുകൾ തുറക്കാൻ റെയിൽവേയ്‌ക്ക് യാതൊരു നിയമ തടസ്സവുമില്ല. ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഇതുപോലുള്ള സൗകര്യങ്ങൾ റെയിൽവേ അനുവദിച്ചിട്ടുണ്ട്.
റെയിൽവേ സ്റ്റേഷനിലെ മൂന്നുനിലയുള്ള ഇരുചക്ര വാഹന പാർക്കിംഗ് ജില്ലയ്ക്ക് തന്നെ അഭിമാനമാണ്. വെയിലും മഴയും തട്ടാതെ വാഹനങ്ങൾ സംരക്ഷിക്കാൻ സുരക്ഷിതമായ രീതിയിലാണ് കെട്ടിടം പൂർത്തീകരിച്ചിരിക്കുന്നത്. എന്നാൽ വാഹനം പാർക്ക് ചെയ്ത യാത്രക്കാരൻ തിരികെ നടന്ന് പ്രധാന കവാടം ചുറ്റി വേണം സ്റ്റേഷനിൽ പ്രവേശിക്കാൻ. ട്രെയിൻ സമയമാകുമ്പോൾ നേരെ മുന്നിലുള്ള സ്റ്റേഷനിലേയ്ക്ക് ചുറ്റികറങ്ങി കയറേണ്ടി വരുന്നത് ചെറിയ ദുരിതമല്ല സമ്മാനിക്കുന്നത്.
വാഹനം പാർക്ക് ചെയ്ത് വരുമ്പോൾ ട്രെയിൻ നഷ്ടമാകുന്ന സാഹചര്യവുമുണ്ട്. പാർക്കിംഗിൽ നിന്ന് സ്റ്റേഷനിലേയ്ക്ക് ഒരു സ്റ്റെപ് മാത്രം ഇട്ടാൽ മതിയെന്നിരിക്കെ മതിൽകെട്ടി സ്റ്റേഷനുമായുണ്ടായിരുന്ന ബന്ധം വിച്ഛേദിക്കുകയാണ് ഉണ്ടായത്. പരാതി നൽകിയിട്ടും വളരെ നിസാരമായി പരിഹരിക്കാവുന്നതായിരിന്നിട്ട് പോലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
വികസനങ്ങൾ സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയാണ് വേണ്ടത്. ഇവിടെ അസൗകര്യങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്തത്.. പ്രൈവറ്റ് ബസ് സ്റ്റാൻഡ് കണക്ടിവിറ്റിയും മൂന്നുനില പാർക്കിംഗും ഏറെ പ്രയോജനകരമാണ്. പക്ഷേ രണ്ടും ഉപകാരങ്ങളെക്കാൾ ഉപദ്രവമായി തീർന്നിരിക്കുകയാണ്.ഈ രണ്ട് പ്രശ്നങ്ങളും ദിവസവും നേരിടുന്ന ആയിരക്കണക്കിന് യാത്രക്കാർ ഉണ്ട്. പരിഹാരമില്ലാത്ത പ്രശ്നങ്ങളില്ല.
റെയിൽവേ വികസന കാര്യങ്ങളിൽ പ്രത്യേക താത്പര്യം കാണിക്കുമെന്ന് വാഗ്ദാനം നൽകിയ കോട്ടയം എം.പി .ഫ്രാൻസിസ് ജോർജ്, കേന്ദ്രമന്ത്രി ജോർജ് കുര്യൻ എന്നിവർ അടിയന്തിരമായി ഇടപെട്ട് അനാവശ്യമായി സൃഷ്ടിക്കപ്പെട്ട യാത്രാക്ലേശം പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.