മോഷ്ടിച്ച ടിപ്പര്‍ ലോറിയുമായി നഗരത്തില്‍ പരക്കംപാച്ചിൽ,യുവാക്കളെ സാഹസികമായി പിടികൂടി പൊലീസ്

കോഴിക്കോട്: മോഷ്ടിച്ച ടിപ്പര്‍ ലോറിയുമായി കോഴിക്കോട് നഗരത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ച രണ്ട് യുവാക്കളെ പൊലീസ് സാഹസികമായി പിടികൂടി.

എലത്തൂര്‍ സ്വദേശി അബ്ബാസ്, നടക്കാവ് സ്വദേശി നിധീഷ് എന്നിവരെയാണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അമിതവേഗതയിലായിരുന്ന ലോറി നഗരത്തില്‍ നിരവധി വാഹനങ്ങളെ ഇടിച്ചു. വെള്ളിയാഴ്ച രാത്രി കോഴിക്കോട് മലാപ്പറമ്ബില്‍ നിര്‍ത്തിയിട്ട KL57 8485 നമ്ബര്‍ ടിപ്പറാണ് മോഷണം പോയത്.

ഇത് സംബന്ധിച്ച്‌ ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുണ്ട്. ശനിയാഴ്ച വാഹന പരിശോധന നടത്തുന്നതിനിടെ അതുവഴി പോവുകയായിരുന്ന ടിപ്പറിന് എലത്തൂര്‍ പൊലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെ അമിത വേഗതയില്‍ കടന്നു പോയി. സംശയം തോന്നിയ പൊലീസ് ടിപ്പറിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

നഗരത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ചായിരുന്നു ടിപ്പര്‍ ലോറിയുടെ ഓട്ടം. ഓട്ടത്തിനിടയില്‍ നിരവധി വാഹനങ്ങളില്‍ ടിപ്പറിടിച്ചു. പാവങ്ങാട് വഴി പുതിയങ്ങാടിയിലൂടെ വെസ്റ്റ്ഹില്‍ ചുങ്കം കടന്ന് ഒടുവില്‍ ബിലാത്തിക്കുളം അമ്ബലത്തിന്‍റെ മുന്‍വശത്താണ് ടിപ്പര്‍ ഇടിച്ചു നിര്‍ത്തിയത്. ഓടാന്‍ ശ്രമിച്ച യുവാക്കളെ എലത്തൂര്‍ പൊലീസ് കീഴ്പ്പെടുത്തി ചേവായൂര്‍ പൊലീസിന് കൈമാറുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News