കൊട്ടാരക്കരയിൽ നിയന്ത്രണം വിട്ടെത്തിയ ടിപ്പർ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞു; മൂന്ന് കുട്ടികൾ മരിച്ചു ;ഒരു ബൈക്കും വണ്ടിക്കടിയിൽ അകപ്പെട്ടു; പരിക്കേറ്റവരുടെ നില അതീവ ഗുരുതരം

കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞ് വൻ ദുരന്തം. ബസ് കാത്തുനിന്ന വിദ്യാർത്ഥികളുടെ മുകളിലേക്കാണ് മണ്ണ് കയറ്റി വന്ന ലോറി മറിഞ്ഞത്. അപകടത്തിൽ മൂന്ന് കുട്ടികൾ മരിച്ചതായി റിപ്പോർട്ടുകൾ. അപകടത്തിൽപ്പെട്ട നാല് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരെ നിലവിൽ ലോറിക്കടിയിൽ നിന്നും പുറത്തെടുത്തിട്ടുണ്ട്. പരിക്കേറ്റ അഞ്ച് പേരുടെയും നില അതീവ ഗുരുതരമാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ ദാരുണമായ അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ടെത്തിയ ടിപ്പർ ലോറി വിദ്യാർത്ഥികൾ നിന്നിരുന്ന ബസ് സ്റ്റോപ്പിലേക്ക് ഇരച്ചുകയറുകയായിരുന്നു. തുടർന്ന് ബസ് സ്റ്റോപ്പും തകർത്ത് കുട്ടികളുടെ മുകളിലേക്ക് ലോറി മറിയുകയായിരുന്നു. മണ്ണുമായി വന്ന ലോറിയായതിനാൽ കുട്ടികൾ പൂർണ്ണമായും മണ്ണിനും ലോറിക്കുമടിയിൽ അകപ്പെട്ടുപോയി. അപകട സമയത്ത് നിർത്തിയിട്ടിരുന്ന ഒരു ബൈക്കും ടിപ്പറിനടിയിൽ അകപ്പെട്ടിട്ടുണ്ട്.

അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്‌സും പൊലീസും ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണും ലോറിയും മാറ്റിയാണ് അടിയിൽപ്പെട്ടവരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് പോലീസും റവന്യൂ അധികൃതരും എത്തി തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News