രണ്ടാം പകുതിയിൽ വീണത് നാല് ഗോളുകൾ, രണ്ടടിച്ച് ഹാളണ്ട്, സെനഗലിനെ തകർത്ത് നോർവെ നോക്കൗട്ടിൽ

ഗോളുകൾ നിറഞ്ഞ രണ്ടാം പകുതി, രണ്ടടിച്ച് ഹാളണ്ട്, നോർവെ നോക്കൗട്ടിൽ

ന്യൂജേഴ്‌സി: ആക്രമണ നിരയുടേയും മുന്നേറ്റ നിരയുടെയും സൗന്ദര്യം ഒരുപോലെ നിറഞ്ഞുനിന്ന മത്സരത്തിൽ സെനഗലിനെ തകർക്ക് നോർവെ നോക്കൗട്ടിൽ. ഗ്രൂപ്പ് ഐയിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു നോർവെയുടെ ജയം. എർലിങ് ഹാളണ്ട് തുടർച്ചയായ രണ്ടാം മത്സരത്തിലും ഇരട്ട ഗോളുമായി തിളങ്ങി. ഇതോടെ ഗ്രൂപ്പിൽ നിന്ന് ഫ്രാൻസിനൊപ്പമാണ് നോർവെയുടെ നോക്കൗട്ട് പ്രവേശനം.

മാർക്കസ് ഹോളംഗ്രെൻ പെഡേഴ്‌സണും എർലിങ് ഹാളണ്ടുമാണ് നോർവെയുടെ ഗോൾവേട്ടക്കാർ. സെനഗലിന്റെ രണ്ട് ഗോളും ഇസ്മാലിയ സാറിന്റെ വകയായിരുന്നു.

നഷ്ടപ്പെടുത്തിയ നിരവധി അവസരങ്ങൾക്കു ശേഷം 43-ാം മിനിറ്റിലാണ് നോർവെ സ്‌കോർ ചെയ്യുന്നത്. ഹാളണ്ടിനെ ലക്ഷ്യമാക്കിയുള്ള മാർട്ടിൻ ഒഡെഗാർഡിന്റെ പാസ് കലിദു കുലിബലി തടഞ്ഞു. എന്നാൽ പന്ത് പൂർണമായും ക്ലിയർ ചെയ്യാനായില്ല. അവസരം മുതലെടുത്ത പെഡേഴ്‌സൺ സ്‌കോർ ചെയ്തു.

രണ്ടാം പകുതിയിൽ കളിയാരംഭിച്ചതിനു പിന്നാലെ തന്നെ ഹാളണ്ട് നോർവെയുടെ ലീഡുയർത്തി. ഗോൾ തിരിച്ചടിക്കാനുള്ള സെനഗലിന്റെ മുന്നേറ്റങ്ങൾ ശക്തമാകുന്നതിനിടെയായിരുന്നു രണ്ടാം ഗോൾ. 48-ാം മിനിറ്റിൽ ഒഡെഗാർഡ് നയിച്ച ഒരു കൗണ്ടർ അറ്റാക്കിനൊടുവിൽ അളന്നുമുറിച്ചെന്ന കണക്ക് തന്നിലേക്കു വന്ന പാസ് ഹാളണ്ട് വലയിലെത്തിക്കുകായിരുന്നു.

എന്നാൽ 53-ാം മിനിറ്റിൽ സെനഗലിന്റെ മറുപടിയെത്തി. ബോക്‌സിനു പുറത്ത് പന്ത് ലഭിച്ച സാദിയോ മാനെ അത് ഫ്‌ളിക്ക് ചെയ്ത് ഇസ്മാലിയ സാറിലേക്കെത്തിച്ചു. ഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകാതെ താരം സ്‌കോർ ചെയ്തു.

അഞ്ചു മിനിറ്റിനകം ഹാളണ്ട് നോർവെയുടെ ജയമുറപ്പിച്ചു. പെഡേഴ്‌സൺ നൽകിയ ആദ്യ പാസ് ഹാളണ്ടും നുസയും തമ്മിലുള്ള ധാരണപ്പിശകിൽ പാഴായി. എന്നാൽ പന്ത് പിടിച്ചെടുത്ത് ബെർഗ് ഗോൾമുഖത്തേക്ക് നൽകിയ പന്ത് ഹാളണ്ട് വലയിലാക്കി.

എന്നാൽ ഇൻജുറി ടൈമിൽ സാർ വീണ്ടും സ്‌കോർ ചെയ്തതോടെ മത്സരം ആവേശകരമായി. എന്നാൽ അവസാന നിമിഷങ്ങളിൽ സെനഗൽ ആക്രമണങ്ങളെ പ്രതിരോധിച്ച നോർവെ ജയവുമായി മടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News