കൊട്ടാരക്കര: ‘ടിപ്പറിന്റെ വരവുകണ്ടപ്പോൾ തന്നെ ഭയന്നു, അടുത്തുനിന്നിരുന്ന രണ്ട് കുട്ടികളെയും പിടിച്ചുവലിച്ച് ഓടുകയായിരുന്നു..’ കൊല്ലം നീലേശ്വരത്ത് ടിപ്പർ ലോറി അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട അഞ്ജലി പകപ്പ് മാറാതെ പറഞ്ഞൊപ്പിച്ചു. കൺമുന്നിൽ ഇത്രവലിയ ഒരു അപകടം നടന്നതിന്റെ ഞെട്ടലിൽനിന്നും ഇപ്പോഴും മുക്തയായിട്ടില്ല, മരിച്ചവരും പരിക്കേറ്റവരുമെല്ലാം അറിയാവുന്നവർ എന്നത് ദുരന്തത്തിന്റെ ആഘാതം കൂട്ടുന്നു.
ഏഴുമണിക്കുള്ള ശ്രീവത്സം ബസിൽ അടുത്തുള്ള ക്ഷേത്രത്തിലേക്ക് പോകാനായാണ് അഞ്ജലി ബസ് സ്‌റ്റോപ്പിൽ എത്തിയത്. അതേ ബസിൽ സ്‌കൂളിലേക്കും ജോലി സ്ഥലത്തേക്കുമൊക്കം പോകാനുള്ളവരായിരുന്നു അവിടെ നിന്നവരെല്ലാം. ഏഴുമണിക്കെത്തേണ്ട ബസ് 10 മിനിറ്റ് വൈകി, ആ സമയത്താണ് അപകടം ടിപ്പർ ലോറിയുടെ രൂപത്തിലെത്തിയത്.
ഇറക്കവും വളവും കൂടി വരുന്ന ഭാഗത്തായാണ് അപകടമുണ്ടായത്. അളവിൽ കൂടുതൽ മണ്ണുകയറ്റിയ ലോറി അമിതവേഗത്തിൽ എത്തയതാണ് അപകടത്തിന് കാരണമായത് എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ‘നല്ല വേഗതയിലാണ് ടിപ്പർ ഇറക്കം ഇറങ്ങി വന്നത്. ടി-ജങ്ഷനാണ്, അവിടെ എതിൽദിശയിൽ നിന്ന് വന്ന ബുള്ളറ്റിനെയും ഇടിച്ചുകൊണ്ടാണ് ടിപ്പർ ബസ് സ്റ്റാൻഡിലേക്ക് ഇടിച്ചുകയറിയത്.’ അഞ്ജലി പറയുന്നു.
‘
എല്ലാം പെട്ടെന്നായിരുന്നു, ടിപ്പറിന്റെ വരവ് കണ്ടപ്പോൾ തന്നെ ഭയന്നു, അത് ബൈക്കിൽ ഇടിച്ചപ്പോഴേക്കും ഓടിമാറാനാണ് മനസിൽ തോന്നിയത്. അടുത്തുനിന്നിരുന്ന രണ്ട് പെൺകുട്ടികളുടെ കൈയിൽ പിടിത്തംകിട്ടി, അവരെയും വലിച്ച് ഓടുകയായിരുന്നു. തിരിഞ്ഞുനോക്കിയപ്പോൾ ടിപ്പർ ബൈക്കിനെയുംകൊണ്ട് ബസ് സ്റ്റാൻഡിലേക്ക് ഇടിച്ചുകയറുന്നതാണ് കണ്ടത്.’ അഞ്ജലി പറഞ്ഞു.
’10, 12 സ്‌കൂൾ കുട്ടികൾ നിൽപ്പുണ്ടായിരുന്നു സ്റ്റാൻഡിൽ. ടിപ്പർ ഇടിച്ചുകയറിയതും അതിലെ മണ്ണും, സ്റ്റാൻഡിന്റെ ഭിത്തിയും എല്ലാം ഇടിച്ച് അവരുടെ മുകളിലേക്ക് വീണു. ആകെ ഭയന്നുപോയി ഞാൻ, പെട്ടെന്ന് അമ്മയെ വിളിച്ചു. അമ്മ അയൽക്കാരെയും കൂട്ടി ഓടിവന്നു. ആ സമയംകൊണ്ട് ഞാൻ പോലീസിനെയും അഗ്നിരക്ഷാ സേനയേയും വിളിച്ചു. അപ്പോഴേക്കും നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം തുടങ്ങി.’ അഞ്ജലി പറഞ്ഞു.
എതിരെ ഒരു ബൈക്ക് വന്നപ്പോൾ വെട്ടിക്കാൻ ശ്രമിച്ചതിന്റെ ഭാഗമായാണ് ലോറിയുടെ നിയന്ത്രണംവിട്ടത് എന്നാണ് പ്രാഥമിക നിഗമനം. ബുള്ളറ്റ് ലോറിക്കടിയിൽപെട്ട നിലയിലായിരുന്നു. അപകടത്തിൽ ഒരു സ്‌കൂൾ വിദ്യാർഥിയടക്കം മൂന്നുപേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പലരുടേയും ശരീരഭാഗങ്ങൾ വേർപെട്ട നിലയിലായിരുന്നു. ടിപ്പറിന്റെ വരവുകണ്ട് ഭയന്ന് പലരും ഓടിമാറിയിരുന്നു.
ഇറക്കം ആയതുകൊണ്ടുതന്നെ വാഹനങ്ങൾ ശ്രദ്ധിച്ചാണ് വരാറ്. ആദ്യമായാണ് ഇവിടെ ഒരു അപകടം നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. അടുത്തുള്ള കുന്നിൽനിന്നും മണ്ണെടുത്തുകൊണ്ടുള്ള വാഹനങ്ങൾ സ്ഥിരമായി പോകുന്ന റൂട്ടാണെന്നും വെളുപ്പിനെ മൂന്നുമണിമുതൽ അത്തരം വാഹനങ്ങൾ ഓടിത്തുടങ്ങാറുണ്ടെന്നും പരിസരവാഹികൾ പറഞ്ഞു.മഴക്കാലമായതുകൊണ്ട് മൈനിങ് ആൻഡ് ജിയോളജി ഡിപ്പാർട്ടുമെന്റ് മണ്ണെടുക്കാനുള്ള അനുമതി ആർക്കും കൊടുത്തിരുന്നില്ല, കോർപറേഷനുമായി ബന്ധപ്പെട്ട് അത്തരത്തിൽ അനുമതി നൽകിയിരുന്നോ എന്നത് അന്വേഷിക്കുമെന്ന് കൊല്ലം കളക്ടർ ആനി ജുല തോമസ് പറഞ്ഞു. സംഭവത്തിൽ ടിപ്പർ ഉടമയ്ക്കും ഡ്രൈവർക്കുമെതിരെ കേസെടുക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.


