തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് ടൈംസ് നൗ – സീ വോട്ടര്‍ സര്‍വ്വേ. ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ 82 സീറ്റ് നേടി സിപിഎം കേരളത്തിൽ അധികാരം നിലനിര്‍ത്തുമെന്നാണ് ടൈംസ് നൗ സര്‍വേയിൽ പറയുന്നത്. യുഡിഎഫ് 56 സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്ന സര്‍വ്വേ ഒരൊറ്റ സീറ്റിൽ മാത്രമാണ് ബിജെപിക്ക് വിജയം പ്രവചിക്കുന്നത്.
ടൈംസ് നൗയുടെ സര്‍വ്വേ പ്രകാരം 72 മുതൽ 86 വരെ സീറ്റുകളിലാണ് എൽഡിഎഫിന് വിജയസാധ്യതയുള്ളത്. 52 മുതൽ 60 സീറ്റുകളിൽ വരെയാണ് യുഡിഎഫിന് ജയസാധ്യതയുള്ളത്. രണ്ട് സീറ്റുകൾ വരെ ബിജെപിക്ക് ലഭിക്കും.
2016-ൽ 43.5 ശതമാനം വോട്ടുവിഹിതം നേടിയ എൽഡിഎഫിന് ഇക്കുറി 42.9 ശതമാനം വോട്ടുകൾ ലഭിക്കാനാണ് സാധ്യതയെന്ന് സര്‍വ്വേ പറയുന്നു. 2016-ൽ 38.8 ശതമാനം വോട്ടു നേടിയ യുഡിഎഫിന് ഇപ്രാവശ്യം 37.6 ശതമാനം വോട്ടുകൾ കിട്ടും. 42.34 ശതമാനം പേരും മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയൻ്റെ പ്രവര്‍ത്തനത്തിൽ സംതൃപ്തരാണ്.
തമിഴ്നാട്ടിൽ 234 അംഗ തമിഴ്നാട് നിയമസഭയിൽ 158 സീറ്റുകൾ നേടി ഡിഎംകെ – കോണ്‍ഗ്രസ് സഖ്യം അധികാരത്തിൽ എത്തുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. എഐഎഡിഎംകെ-ബിജെപി സംഖ്യം 65 സീറ്റിൽ ഒതുങ്ങും. തമിഴ്നാട്ടിൽ 38.4 ശതമാനം പേര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എം.കെ.സ്റ്റാലിനെ പിന്തുണച്ചു. പളനിസാമിയെ 31 ശതമാനം പേരും കമൽഹാസനെ 7.4 ശതമാനം പേരും പിന്തുണച്ചു.