എല്ലാവരേയും വോട്ട് ചെയ്യാന്‍ ബോധവത്കരിച്ച ടിക്കാറാം മീണയ്ക്ക് ഇക്കുറി വോട്ടില്ല!

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് വോട്ടു ചെയ്യാനായില്ല. സംസ്ഥാന വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതാണു കാരണം. പൂജപ്പുര വാര്‍ഡിലാണ് ടിക്കാറാം മീണയ്ക്ക് വോട്ടുള്ളത്. വരണാധികാരിയായ കളക്ടറെ അറിയിച്ചിരുന്നെങ്കിലും ടിക്കാറാം മീണയുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതെ പോകുകയായിരുന്നു.

പൂജപ്പുര- ജഗതി വാര്‍ഡുകള്‍ക്കിടയിലുള്ള തിരുമില്യനയം അപ്പാര്‍ട്ട്‌മെന്റിലാണ് ടിക്കാറാം മീണ താമസിക്കുന്നത്. അദ്ദേഹത്തിന്റെ വോട്ട് പൂജപ്പുര വാര്‍ഡിലാണ്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് തന്റെ വോട്ട് ഏത് സ്‌കൂളിലാണെന്ന് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടത്.

ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലെന്നറിഞ്ഞത്. ഇതോടെ ടിക്കാറാം മീണ വിവരം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ സമയം വൈകിയതിനാല്‍ ഇനി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ് കളക്ടര്‍ അറിയിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം വോട്ട് ചെയ്തിരുന്നു.

മുന്‍ മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദന്‍, എ.കെ. ആന്റണി എന്നിവരും ഇത്തവണ വോട്ട് ചെയ്യില്ല. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇരുവര്‍ക്കും വോട്ട് ചെയ്യാന്‍ കഴിയാതിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News