വര്‍ഷങ്ങളായി കോട്ടം തട്ടാത്ത ഗൂഗിള്‍ (Google) ആധിപത്യത്തിന് തിരിച്ചടി ലഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ഫെയസ്ബുക്, ആമസോണ്‍, ട്വിറ്റര്‍ തുടങ്ങിയ വെബ്‌സൈറ്റുകളൊന്നും ഒരിക്കലും ഉയര്‍ത്താത്ത വെല്ലുവിളിയാണ് 2021 ല്‍ ഗൂഗിള്‍ നേരിട്ടത് എന്നാണ് ഐടി സുരക്ഷാ കമ്പനിയായ ക്ലൗഡ്ഫ്‌ളെയര്‍ ബിബിസിയുമായി പങ്കുവച്ച ഡേറ്റാ പറയുന്നത്. അതായത് ലോകത്ത് ഈ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന വെബ്‌സൈറ്റ് എന്ന സ്ഥാനം ചൈനീസ് സൈറ്റായ ടിക്‌ടോക്ക്.കോം (Tiktok) നേടിയെന്നാണ് ക്ലൗഡ്ഫ്‌ളെയര്‍ കണക്കുകള്‍ പറയുന്നത്.
ക്ലൗഡ്ഫ്‌ളെയര്‍ പുറത്തുവിട്ട ഡേറ്റ പ്രകാരം 2021 ഫെബ്രുവരി, മാര്‍ച്ച്, ജൂണ്‍ മാസങ്ങളില്‍ തന്നെ ടിക്‌ടോക്ക് ഗൂഗിളിനെ തട്ടിമാറ്റി ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. എന്നാല്‍, അതിനു ശേഷം ഓഗസ്റ്റ് മുതല്‍ ടിക്‌ടോക്ക് ഒന്നാം സ്ഥാനത്ത് തുടരുകയാണെന്നും പറയുന്നു. മഹാമാരിയെ തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ തന്നെ കഴിയാന്‍ തുടങ്ങിയ സമയത്താണ് ടിക്‌ടോക്കിന്റെ ജനസമ്മതി കുതിച്ചുയര്‍ന്നത്.
എന്നാല്‍, 2020ല്‍ ടിക്‌ടോക്ക് 7-ാം സ്ഥാനത്തായിരുന്നു. ഗൂഗിള്‍ പതിവുപോലെ ഒന്നാം സ്ഥാനത്തും. പക്ഷേ, 2021 ഫെബ്രുവരിയിയില്‍ കഥമാറി. ഫെബ്രുവരിയില്‍ തന്നെ ടിക്‌ടോക്ക് ഒന്നാം സ്ഥാനത്തെത്തി ടെക്‌നോളജി ലോകത്തെ അദ്ഭുതപ്പെടുത്തി. ടിക്‌ടോക്കിന് ഏറ്റവുമധികം ഉപയോക്താക്കളുള്ള രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. ചൈനയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്ത്യ 2020 ജൂണില്‍ ടിക്‌ടോക്ക് നിരോധിക്കുകയായിരുന്നു. എന്നിട്ടും ടിക്ടോക്കിന് വലിയ തളര്‍ച്ച സംഭവിച്ചില്ലെന്നാണ് കണക്കുകള്‍ പറയുന്നത്.
ഒരു കൊല്ലം കൊണ്ട് ടിക്‌ടോക്ക് മറികടന്നത് ഗൂഗിളിനെ മാത്രമല്ല. ആമസോണ്‍, ആപ്പിള്‍, ഫെയ്‌സ്ബുക്, മൈക്രോസോഫ്റ്റ്, നെറ്റ്ഫ്‌ളിക്‌സ് എന്നിവയെയും ചൈനീസ് ആപ്പ് പിന്നിലാക്കി. ലോകമെമ്പാടുമായി 100 കോടിയിലേറെ ഉപയോക്താക്കളാണ് ടിക്‌ടോക്കിന് ഇപ്പോഴുള്ളത് എന്ന് റിപ്പോര്‍ട്ട് പറയുന്നു.
ആദ്യ പത്തിലുള്ള വെബ്‌സൈറ്റുകള്‍ ഇവയാണ്
1. ടിക്‌ടോക്ക്.കോം
2. ഗൂഗിള്‍.കോം
3. ഫെയ്‌സ്ബുക്.കോം
4. മൈക്രോസോഫ്റ്റ്.കോം
5. ആപ്പിള്‍.കോം
6. ആമസോണ്‍.കോം
7. നെറ്റ്ഫ്‌ളിക്‌സ്.കോം
8. യൂട്യൂബ്.കോം
9. ട്വിറ്റര്‍.കോം
10. വാട്‌സാപ്.കോം