ബന്ദിപ്പുര്‍ (കർണാടകം): രാജ്യത്തെ കടുവകളുടെ സെന്‍സസ് കണക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തു വിട്ടു. 2022-ലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,167 കടുവകളാണുള്ളത്. കടുവ സംരക്ഷണത്തിനായി നിലവില്‍ വന്ന പ്രൊജക്ട് ടെെഗർ എന്ന പദ്ധതിയുടെ 50-ാം വാർഷിക വേളയിൽ ബന്ദിപ്പുർ കടുവാ സങ്കേതത്തിലെത്തിയാണ് പ്രധാനമന്ത്രി സെൻസസ് കണക്കുകൾ പുറത്തുവിട്ടത്. കണക്ക് പ്രകാരം 2018-ല്‍ രാജ്യത്ത് 2,967 കടുവകളായിരുന്നു ഉണ്ടായിരുന്നത്. കടുവകളുടെ എണ്ണത്തില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 6.7 ശതമാനം വർധനവാണ് ഉണ്ടായിരുക്കുന്നത്.
പ്രൊജ്ക്ട് ടൈഗര്‍ അതിന്റെ 50 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ ഇന്റര്‍നാഷണല്‍ ബിഗ് ക്യാറ്റ്‌സ് അലയൻസ് എന്ന പേരിൽ ഒരു പദ്ധതികൂടി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇത് ലോകമെമ്പാടുമുള്ള ഏഴ് വന്യജീവികളുടെ സംരക്ഷണത്തിനായുള്ള പദ്ധതികൂടിയാണ്. കടുവ, സിംഹം, പുള്ളിപ്പുലി, ഹിമപ്പുലി, പ്യൂമ, ജാഗ്വര്‍, ചീറ്റ എന്നിങ്ങനെ മാര്‍ജാര കുടുംബത്തില്‍പ്പെടുന്ന ഏഴിനങ്ങള്‍ക്ക് പദ്ധതി സംരക്ഷണം നല്‍കും.
ലോകത്താകെയുള്ള കടുവകളുടെ 75 ശതമാനവും ഇന്ത്യയിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘പ്രൊജക്ട് ടൈഗറിലൂടെ നാം കൈവരിച്ച നേട്ടത്തിന് അര്‍ഹര്‍ ഇന്ത്യ മാത്രമല്ല, ലോകം കൂടിയാണ്. രാജ്യം കടുവകളെ സംരക്ഷിക്കുക മാത്രമായിരുന്നില്ല, അവയ്ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ ഒരുക്കുകകൂടി ചെയ്തു’, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സിംഹം, പുള്ളിപ്പുലി, ആന, ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗം തുടങ്ങിയവയുടെ എണ്ണവും രാജ്യത്ത് വര്‍ധിച്ചതായി അദ്ദേഹം പറഞ്ഞു.
ഏഷ്യാറ്റിക് സിംഹങ്ങള്‍ കൂടുതലായി കാണപ്പെടുന്ന ഒരേയൊരു രാജ്യംകൂടിയാണ് ഇന്ത്യ. വിവിധ തരത്തിലുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്ത് ഏഷ്യാറ്റിക് സിംഹങ്ങളുടെ എണ്ണം ഉയര്‍ന്നു. 2015-ല്‍ 525 എണ്ണം ആയിരുന്നത് 2020-ല്‍ 675 എണ്ണത്തിലേക്ക് എത്തി. നാല് വര്‍ഷങ്ങള്‍ക്കിടെ പുള്ളിപ്പുലികളുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ധന രേഖപ്പെടുത്തി.
ഗംഗാ നദിയുടെ ശുചിത്വത്തിനായി നിലവില്‍വന്ന പദ്ധതി മൂലം വംശനാശ ഭീഷണി നേരിടുന്ന ചില സമുദ്ര ജീവികളേക്കൂടി രക്ഷിക്കാന്‍ കഴിഞ്ഞു. ബോധവത്കരണ പ്രവര്‍ത്തനങ്ങളിലൂടെ കടുവ സങ്കേതങ്ങള്‍ക്ക് സമീപം മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ കഴിഞ്ഞുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ലോകത്താകമാനമുള്ള വന്യജീവി വെെവിധ്യങ്ങളുടെ എട്ട് ശതമാനവും ഇന്ത്യയുടെ സംഭാവനയാണ്. രാജ്യത്ത് 70 വർഷങ്ങൾക്ക് ശേഷമെത്തിയ ചീറ്റകൾ രാജ്യത്ത് ഇത്തരത്തിൽ നടത്തിയ ആദ്യത്തെ പദ്ധതി കൂടിയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വർഷം സെപ്റ്റംബർ 17-നാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് ചീറ്റകളുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തുന്നത്. ആദ്യബാച്ചിൽ എട്ടു ചീറ്റകളാണെത്തിയത്. 12 ചീറ്റകൾ ഉൾപ്പെടുന്ന രണ്ടാം ബാച്ച് ഫെബ്രുവരിയിലും എത്തി. ഇത്തരത്തിലെത്തിയ 20 ചീറ്റകളും മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലാണുള്ളത്. 1952-ലാണ് രാജ്യത്ത് ചീറ്റകൾ വംശമറ്റതായി ഔദ്യോഗിക പ്രഖ്യാപനം വന്നത്.