32.8 C
Kottayam
Saturday, May 4, 2024

സ്ഫോടകവസ്തുക്കൾക്കായി പരിശോധന നടത്തി;ട്രെയിനില്‍ നിന്ന് പിടിച്ചത് 440 കുപ്പി മദ്യം

Must read

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ മദ്യവേട്ട. രാവിലെ നേത്രാവതി എക്‌സ്പ്രസില്‍ അനധികൃതമായി കടത്തിയ 440 കുപ്പി മദ്യം ആര്‍.പി.എഫ്. പിടിച്ചെടുത്തു. സ്ഫോടകവസ്തുക്കൾക്കായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. മദ്യക്കടത്തിനു പിന്നിലുള്ളവരെ പിടികൂടാന്‍ കഴിഞ്ഞില്ല. പിടികൂടിയ മദ്യം തുടര്‍നടപടികള്‍ക്കായി എക്‌സൈസിന് കൈമാറി.

നേത്രാവതിയിലെ ബര്‍ത്തിലും സീറ്റിനടിയിലും പെട്ടിയിലും ചാക്കിലുമായി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. ഗോവ നിര്‍മിത 131 ഫുള്‍ ബോട്ടിലും 309 ക്വാര്‍ട്ടര്‍ ബോട്ടില്‍ മദ്യവുമാണ് പിടിച്ചെടുത്തത്.

പരിശോധനാ സമയത്ത് തീവണ്ടിയിലുണ്ടായിരുന്ന ആര്‍ക്കും ഇതിനെക്കുറിച്ച് അറിയില്ലായിരുന്നെന്ന് ആര്‍.പി.എഫ്. എസ്.ഐ. എം.പി. ഷിനോജ്കുമാര്‍ അറിയിച്ചു. തീവണ്ടിയില്‍ കയറിയപ്പോള്‍ തന്നെ മദ്യം അവിടെ ഉണ്ടായിരുന്നതായി യാത്രക്കാര്‍ പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

എലത്തൂര്‍ തീവണ്ടി തീവെപ്പുകേസിന് പിന്നാലെ തീവണ്ടികളിലെ പരിശോധന ആര്‍.പി.എഫ്. ശക്തിപ്പെടുത്തിയിരുന്നു. സ്‌ഫോടക വസ്തുക്കളും തീപിടിത്ത സാധ്യതയുള്ള വസ്തുക്കളും കടത്തുന്നത് പിടികൂടാനാണ് പരിശോധന നടത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week