33.4 C
Kottayam
Saturday, May 4, 2024

ട്രെയിനില്‍നിന്നു ആരെയും തള്ളിയിട്ടില്ല; 3 പേര്‍ വീണു മരിച്ചതില്‍ പങ്കില്ല;ഷാറുഖിന്റെ മൊഴി

Must read

കോഴിക്കോട്: ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാർക്കുമേൽ പെട്രോളൊഴിച്ചു തീവച്ച കേസിലെ പ്രതി ഷാറുഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ട്രെയിനില്‍നിന്നു മൂന്നു പേര്‍ വീണു മരിച്ചതില്‍ പങ്കില്ലെന്ന് ഷാറുഖ് മൊഴി നൽകി. ആരെയും തള്ളിയിട്ടിട്ടില്ലെന്നും പറഞ്ഞു. കേസില്‍ ഷാറുഖിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു. മൂന്നു പേരുടെ മരണത്തില്‍ ഷാറുഖിന് പങ്കുണ്ടെന്നുള്ള കണ്ടെത്തലിലാണ് കൊലക്കുറ്റം ചുമത്തിയത്.

കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദരിയ മൻസിൽ റഹ്മത്ത് (44), റഹ്മത്തിന്റെ സഹോദരി ജസീലയുടെയും കോഴിക്കോട് ചാലിയം കുന്നുമ്മൽ ഷുഹൈബ് സഖാഫിയുടെയും മകൾ സെഹ്റ ബത്തൂൽ (2), മട്ടന്നൂർ കൊടോളിപ്പുറം കൊട്ടാരത്തിൽ പുതിയപുര നൗഫീഖ് (38) എന്നിവരെയാണ് തീപിടിത്തത്തിനു രണ്ടു മണിക്കൂറിനുശേഷം ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 

മൂന്നു പേർക്കും പൊള്ളലേറ്റിട്ടില്ല. തലയ്ക്കേറ്റ ക്ഷതവും അപകടത്തെത്തുടർന്നുള്ള രക്തസ്രാവവുമാണു മരണകാരണം. ട്രെയിനിൽ യാത്രക്കാർക്കുമേൽ പെട്രോളൊഴിച്ച് തീവച്ചത് തന്റെ തോന്നലിന്റെ പുറത്തു ചെയ്തതാണെന്ന‌ും ദക്ഷിണേന്ത്യയിലെ ഏതെങ്കിലും സംസ്ഥാനമാണു ലക്ഷ്യമിട്ടത്, കേരളം എന്ന് ഉറപ്പിച്ചിരുന്നില്ലെന്നും ഷാറുഖ് സെയ്ഫി കഴിഞ്ഞദിവസം മൊഴി നൽകിയിരുന്നു.

അതേസമയം, അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എന്‍ഐഎ) ഏറ്റെടുക്കാന്‍ സാധ്യതയേറി. തീവയ്പിനു പിന്നില്‍ ഭീകരബന്ധം തള്ളിക്കളയാനാകില്ലെന്ന് എന്‍ഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിന് പുറത്തും അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ടിലുണ്ട്.

എന്‍െഎഎ അന്വേഷണം വേണോയെന്ന് ആഭ്യന്തരമന്ത്രാലയം ഉടന്‍ തീരുമാനമെടുക്കും. എലത്തൂര്‍ ട്രെയിന്‍ തീവയ്പ് ആസൂത്രണത്തോടെ നടപ്പാക്കിയതാണെന്ന് എന്‍െഎഎ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൂഢാലോചന നടന്നിട്ടുണ്ട്.

വിശദമായ അന്വേഷണം വേണം. കേരളത്തിന് പുറത്തും അന്വേഷണം നടത്തേണ്ടതുണ്ട്. പ്രതി ഷാറുഖ് സെയ്ഫിയുടെ മൊബൈല്‍ ഫോണ്‍ ആശയവിനിമയങ്ങള്‍, സമൂഹമാധ്യമ അക്കൗണ്ടുകളിലെ ചാറ്റുകള്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവ വഴി ലഭിച്ച വിവരങ്ങള്‍ സംശയം വര്‍ധിപ്പിക്കുന്നുവെന്നും പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാന പൊലീസ് അന്വേഷണ വിശദാംശങ്ങള്‍ എന്‍െഎഎയ്ക്ക് കൈമാറിയിട്ടുണ്ട്. മഹാരാഷ്ട്ര എടിസുമായും ഡല്‍ഹി പൊലീസുമായും എന്‍െഎഎ സംഘം ആശയവിനിമയം നടത്തി.

എന്‍െഎഎയുടെ കൊച്ചി, ചെന്നൈ യൂണിറ്റുകളിലെ ഉദ്യോഗസ്ഥരാണ് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചത്. ഷാറുഖ് എന്തുകൊണ്ട് കേരളം തന്നെ തിരഞ്ഞെടുത്തു?, ആക്രമണത്തിന് പരിശീലനം ലഭിച്ചിട്ടുണ്ടോ? എന്നിവ അന്വേഷിക്കണം.

പെട്ടെന്ന് ഒരു തോന്നലില്‍ ഷാറുഖ് ചെയ്ത കുറ്റകൃതമാണെന്ന വാദം വസ്തുതയല്ല. കേരളത്തിലേയ്ക്ക് എത്തിയതും കുറ്റകൃത്യം നടത്തിയതും രക്ഷപ്പെട്ടതും മുന്നൊരുക്കത്തോടെയാണ്. പെട്രോള്‍ വാങ്ങാന്‍ ഷൊര്‍ണൂര്‍ തിരഞ്ഞെടുത്ത് പോലും ബോധപൂര്‍വമാകാം. കൂടുതല്‍പേരുടെ സഹായം പ്രതിക്ക് ലഭിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week