ബി.ജെ.പി സ്ഥാനാർഥിയാകുമോ?’; പൊട്ടിത്തെറിച്ച് ഉണ്ണി മുകുന്ദന്‍
കൊച്ചി:അടുത്തിടെയായി വാർത്തകളിൽ നിരന്തരം നിറഞ്ഞ് നിന്ന പേരാണ് നടൻ ഉണ്ണി മുകുന്ദന്റേത്. അതിന് പ്രാധാന കാരണം മാളികപ്പുറം എന്ന സിനിമയായിരുന്നു. 2022 അവസാനം റിലീസ് ചെയ്ത സിനിമ ഉണ്ണി മുകുന്ദന്റെ കരിയർ ബെസ്റ്റ് സിനിമകളിലൊന്നായാണ് പ്രേക്ഷകരിൽ ഭൂരിഭാഗം പേരും വിലയിരുത്തുന്നത്.
ഉണ്ണി മുകുന്ദന് കുടുംബപ്രേക്ഷകർക്കിടയിൽ വലിയ ജനപ്രീതിയുണ്ടാക്കാനും മാളികപ്പുറം സിനിമയ്ക്ക് സാധിച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ 100 ഡെയ്സ് സക്സസ് സെലിബ്രേഷൻ ഗംഭീരമായി നടത്തിയത്. സിനിമയുടെ അണിയറപ്രവർത്തകരും അഭിനേതാക്കളുമെല്ലാം ഒത്തുചേർന്ന് വലിയ പരിപാടിയായാണ് സിനിമയുടെ നൂറ് ദിവസം ആഘോഷിച്ചത്.
മാളികപ്പുറം റിലീസ് ചെയ്ത ശേഷം പലതരത്തിലുള്ള വിവാദങ്ങൾ ഉണ്ടായിരുന്നു. റിയാക്ഷൻ വീഡിയോകൾ യുട്യൂബിൽ ചെയ്ത് ശ്രദ്ധനേടിയ യുട്യൂബർ സ്ക്രീട്ട് ഏജറ്റ് എന്ന് അറിയപ്പെടുന്ന സായ് കൃഷ്ണ സിനിമ കണ്ടിറങ്ങിയ ശേഷം പറഞ്ഞ റിവ്യുവിനെതിരെ ഉണ്ണി മുകുന്ദൻ നടത്തിയ പ്രതികരണം വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.
മാളികപ്പുറം സിനിമയിലൂടെ ഭക്തിയാണ് അണിയറപ്രവർത്തകർ മാർക്കറ്റ് ചെയ്തതെന്നും അത് പിന്നീട് വലിയ രീതിയിൽ ദോഷം ചെയ്യുമെന്നുമെല്ലാമാണ് അന്ന് മാളികപ്പുറം കണ്ടശേഷം സീക്രട്ട് ഏജന്റ് എന്ന് അറിയപ്പെടുന്ന സായ് കൃഷ്ണ പറഞ്ഞത്.
അതിന്റെ പേരിൽ ഉണ്ണി മുകുന്ദൻ യുട്യൂബറെ വിളിക്കുകയും ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും ഉണ്ണി മുകുന്ദൻ യുട്യൂബറോട് മോശമായി രീതിയിൽ സംസാരിക്കുകയുമെല്ലാം ചെയ്തിരുന്നു.
അതിന്റെ പേരിൽ വലിയ ചർച്ചകൾ വരെ ചാനലുകളിൽ നടന്നിരുന്നു. ശേഷം തന്റെ സിനിമ നൂറ് കോടി ക്ലബ്ബിൽ കയറിയെന്ന് അറിയിച്ച് പോസ്റ്ററും ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരുന്നു. സിനിമയുടെ ആഗോള കളക്ഷനാണിതെന്നും നാൽപ്പത് ദിവസം കൊണ്ടാണ് ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ചതെന്നും അറിയിച്ചിരുന്നു.
മൂന്നര കോടി ബജറ്റിലെത്തിയ ചിത്രമാണ് 100 കോടി ക്ലബ്ബിൽ ഇടം നേടിയത്. ഉണ്ണി മുകുന്ദന്‍റെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമാണിത്. എന്നാലിപ്പോൾ മാളികപ്പുറം നൂറ് കോടി കലക്ഷൻ നേടിയെന്നത് സത്യമാണോയെന്ന് ചോദിച്ചപ്പോൾ ഉണ്ണി മുകുന്ദൻ പറഞ്ഞ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നതും ട്രോൾ ചെയ്യപ്പെടുന്നതും.
മൂവി മാൻ ബ്രോഡ്കാസ്റ്റിങിന് നൽകിയ ഉണ്ണി മുകുന്ദന്റെ അഭിമുഖമാണ് വൈറലാകുന്നത്. നൂറ് കോടിയാണ് കലക്ഷനെന്ന് സോഷ്യൽമീഡിയയിൽ പ്രചാരണം നടക്കുന്നുണ്ടല്ലോയെന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ നമുക്ക് എല്ലാവർക്കും കൂടി കണ്ടുപിടിച്ചാലോയെന്നാണ് ഉണ്ണി മുകുന്ദൻ തിരിച്ച് മറുപടിയായി പറഞ്ഞത്.
ശേഷം പടം തിയേറ്ററിൽ നല്ല കലക്ഷൻ നേടിയെന്നും കണക്കുകൾ താൻ അല്ല പറയേണ്ടതെന്നും പക്ഷെ താൻ സന്തോഷവാനാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ശേഷം ബി.ജെ.പി സ്ഥാനാർഥി ആകുമോയെന്ന് ചോദിച്ചപ്പോൾ ഇനി നടന്നോണ്ട് സംസാരിക്കാമെന്ന് പറഞ്ഞ് മാധ്യമപ്രവർത്തകനേയും കൂട്ടി നടക്കാൻ ശ്രമിക്കുകയാണ് ചെയ്തത് താരം. പക്ഷെ ആളുകൾ ഇടപെട്ട് ഉണ്ണി മറുപടി പറയുംമുമ്പ് മാധ്യമപ്രവർത്തകനെ ഒഴിവാക്കി.
ഉണ്ണി മുകുന്ദന് ചോദ്യം കേട്ടപ്പോൾ രോഷം വന്നുവെന്നത് വീഡിയോയിൽ നിന്നും വ്യക്തമാണെന്നാണ് വീഡിയോ കണ്ട് ആളുകൾ കമന്റ് ചെയ്തത്. ചോദ്യങ്ങളിൽ നിന്നും വഴുതിമാറി ഉണ്ണി മുകുന്ദൻ പോയിയെന്നും ചിലർ കുറിച്ചു. വിവിധ ഭാഷകളിൽ സിനിമ മൊഴിമാറ്റി പ്രദർശിപ്പിച്ചിരുന്നു. വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
കേരളത്തിന് പുറത്ത് ബെംഗളൂരു, മുംബൈ, ഡൽഹി എന്നിവടങ്ങളിലും ആളുകൾ സിനിമ ഏറ്റെടുത്തു. മാളികപ്പുറത്തിന്റെ റിലീസിന് ശേഷം ഒട്ടനവധി കുടുംബപ്രേക്ഷകരെ ഉണ്ണി മുകുന്ദന് ലഭിച്ചിട്ടുണ്ട്.