കൽപ്പറ്റ ∙ വയനാട് കൂടല്ലൂരില്‍ വയലില്‍ പുല്ലരിയാന്‍ പോയ ക്ഷീരകര്‍ഷകന്‍ പ്രജീഷിനെ (36) കൊലപ്പെടുത്തിയ കടുവയെ പിടികൂടി. പ്രജീഷ് മരിച്ച് പത്താം ദിവസമാണ് കടുവ കൂട്ടിലായത്. വനംവകുപ്പ് സ്ഥാപിച്ച ഒന്നാമത്തെ കൂട്ടിൽത്തന്നെ കടുവ കുടുങ്ങിയെന്നാണ് വിവരം. പ്രജീഷ് കൊല്ലപ്പെട്ട കോളനി കവലയ്ക്കു സമീപത്തുള്ള കാപ്പിത്തോട്ടത്തിൽ വച്ചാണ് കടുവ കെണിയിലായത്.കൂടല്ലൂര്‍ കോളനിക്കവലയ്ക്ക് സമീപമുള്ള കാപ്പി തോട്ടത്തിലെ കൂട്ടിലാണിപ്പോള്‍ കടുവ. കടുവയെ പുറത്തേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കടുവയെ പിടികൂടിയതിന്‍റെ ആശ്വാസത്തിലാണ് നാട്ടുകാര്‍. സ്ഥലത്തേക്ക് വെറ്ററിനറി സംഘവും ആര്‍ആര്‍ടി ടീമും വനംവകുപ്പ് ഉദ്യോഗസ്ഥരും തിരിച്ചിട്ടുണ്ട്.
ഡബ്ല്യുഡബ്ല്യുഎൽ 45 എന്ന കടുവയാണ് വനം വകുപ്പ് ഒരുക്കിയ കൂട്ടില്‍ വീണത്. നേരത്തേ കടുവയെ വെടിവച്ചു കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു. തുടർന്ന് കടുവയെ നിരീക്ഷിക്കാനായി 25 ക്യാമറകളും പിടികൂടാൻ മൂന്ന് കൂടും വനംവകുപ്പ് സ്ഥാപിച്ചു. അനുയോജ്യമായ സ്ഥലത്ത് എത്തിയാൽ കടുവയെ വെടിവയ്ക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു.
ബത്തേരി വാകേരിയിൽ കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പിൽ പ്രജീഷാണ് ഈ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പുല്ലരിയാൻ പോയ പ്രജീഷിനെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം വയലിൽ കണ്ടെത്തിയത്.