മുംബൈ : മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ലയിൽ വെള്ളിയാഴ്ച രാവിലെ തെണ്ടുൽ ഇലകൾ ശേഖരിക്കുകയായിരുന്ന നാല് സ്ത്രീകളെ കടുവകൊന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. ബീഡി തെറുക്കാൻ ഉപയോഗിക്കുന്ന ഇലയാണ് തെണ്ടുൽ.
ചന്ദ്രാപുർ ജില്ലാ ആസ്ഥാനത്തുനിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയുള്ള സിന്ധേവാഹി താലൂക്കിലെ ഗുഞ്ചേവാഹി ഗ്രാമത്തിനടുത്താണ് സംഭവംനടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തെണ്ടുൽ ഇലകൾ ശേഖരിക്കാൻ ഒരു കൂട്ടം സ്ത്രീകൾ കാട്ടിലേക്ക് പോകുകയായിരുന്നു. ഇലകൾ ശേഖരിക്കുന്ന സമയം ഒരു കടുവ അവരിൽ നാലുപേരെ ആക്രമിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഗുഞ്ചേവാഹി നിവാസികളായ കവാഡബായ് മൊഹുർലെ (45), അനിതബായ് മൊഹുർലെ (40), സുനിത മൊഹുർലെ (38), സംഗീത ചൗധരി (50) എന്നിവരാണ് മരിച്ചത്. വിവരം ലഭിച്ചതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒരുസംഘം സ്ഥലത്തെത്തിയെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ചന്ദ്രപൂർ സർക്കിൾ) ആർ.എം. രാമാനുജൻ പറഞ്ഞു.


