വയനാട്: കൊളവള്ളിയില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവ ഫോറസ്റ്റ് റേഞ്ച് ഓഫിസറെ ആക്രമിച്ചു. ചെതലയം ഫോറസ്റ്റ് റേഞ്ചര്‍ ടി ശശികുമാറിനാണ് കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. രാവിലെ മുതല്‍ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വനംവകുപ്പ് തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു.
കൊളവളളി മേഖലയില്‍ കടുവയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയത്. ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെ കൊളവള്ളിയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍വച്ചാണ് ഫോറസ്റ്റ് റേഞ്ചര്‍ക്ക് നേരെ കടുവയുടെ ആക്രമണുണ്ടായത്. ഉടനെ ഇദ്ദേഹത്തെ ഒപ്പമുണ്ടായിരുന്നവര്‍ രക്ഷിച്ച് ബത്തേരിയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചു.
റേഞ്ചറെ കടുവ ആക്രമിച്ചതോടെ പ്രദേശവാസികള്‍ കൂടുതല്‍ ആശങ്കയിലായിരിക്കുകയാണ്. കടുവയെ മയക്കുവെടിവച്ചു പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മൂന്ന് മാസം മുമ്പ് പുല്‍പ്പള്ളി ആനപ്പാറയില്‍വച്ചും കടുവയുടെ ആക്രമണത്തില്‍ ശശികുമാറിന് പരുക്കേറ്റിരുന്നു. ശശികുമാറിനെ വിദഗ്ധ ചികിത്സക്കായി വിംസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.