ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തു: എ. എസ്. ഐക്കും മകനും പിഴ ഈടാക്കി തുറമുഖ വകുപ്പ്

കവരത്തി: ലക്ഷദ്വീപിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് എ. എസ്. ഐ ക്കും മകനും പിഴ ഈടാക്കി തുറമുഖ വകുപ്പ്. വയർലെസ് എ.എസ്.ഐ കെ.പി. മുരളീധരനും മകനുമാണ് പോർട്ട്‌ വകുപ്പ് പിഴ ഈടാക്കിയത്. ടിക്കറ്റില്ലാതെ കപ്പലിൽ യാത്ര ചെയ്തതിന് 70,200 രൂപയാണ് ഇരുവർക്കും പിഴയായി നൽകാൻ ആവശ്യപെട്ടിരിക്കുന്നത് (3510X10X2=70,200/-).

സെപ്റ്റംബർ 8ന് എം.വി അറേബ്യൻ സീ കപ്പലിൽ കവരത്തിയിൽ നിന്ന് കൊച്ചിയിലേക്ക് ടിക്കറ്റില്ലാതെയാണ് രണ്ട് പേരും യാത്ര ചെയ്തത്. പോലിസ് ഉദ്യോഗസ്ഥന്റെ അധികാരം ദുർവിനിയോഗം ചെയ്ത് നടത്തിയ യാത്രയിൽ നാട്ടുകാർ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് പോർട്ട്‌ വകുപ്പിന്റെ നീക്കം.

ടിക്കറ്റില്ലാത്ത കപ്പൽ യാത്രക്കാരിൽ നിന്ന് ഏറ്റവും ഉയർന്ന ഫസ്റ്റ് ക്ലാസ് നിരക്കിന്റെ പത്തിരട്ടി പിഴ ചുമത്തുമെന്ന ജൂൺ 16 ലെ പോർട്ട്‌ വകുപ്പിന്റെ ഉത്തരവ് പ്രകാരമാണ് നടപടി.ഏഴു ദിവസത്തിനുള്ളിൽ പിഴയായി ഈടാക്കിയ തുക പോർട്ട്‌ വകുപ്പിന്റെ അക്കൗണ്ടിലേക്കോ, 14 ദിവസത്തിനകം പോർട്ട്‌ അസിസ്റ്റന്റ് ഓഫിസറിനോ നൽകി രസീത് കൈപറ്റാൻ പോർട്ട്‌ അസിസ്റ്റന്റ് ഓഫീസർ പി. അഷ്‌റഫ്‌ അലി സെപ്റ്റംബർ 15ന് ഇറക്കിയ ഉത്തരവിൽ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News