ദുബായ്:കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റിന്റെ സാധുത രണ്ടുവര്‍ഷത്തേക്ക് നീട്ടി നല്‍കി. യഥാര്‍ഥ ബുക്കിങ് തീയതി മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് ആനുകൂല്യം. ടിക്കറ്റെടുത്ത സ്ഥലത്തേക്ക് രണ്ടു വര്‍ഷത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും പോകാമെന്നും ഇതിന് അധികനിരക്ക് ഈടാക്കില്ലെന്നും എമിറേറ്റ്സ് അറിയിച്ചു.
മേയ് 31 വരെയുള്ള ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് അവസരം. എപ്പോള്‍ യാത്ര ചെയ്യണമെന്ന് അറിയിച്ചാല്‍ ആ സമയത്തേക്ക് പുതിയ ടിക്കറ്റ് നല്‍കുമെന്ന് വിമാനക്കമ്പനി അറിയിച്ചു. എന്നാല്‍ ജൂണ്‍ ഒന്നുമുതലുള്ള യാത്രയ്ക്ക് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പതിവ് നിരക്ക് നല്‍കേണ്ടിവരും.
അതിനിടെ യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ച് മൂന്ന് പേര്‍ കൂടി മരിച്ചതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു . കൊറോണ വൈറസ് ബാധിച്ച് ഇതുവരെ 28 പേരാണ് രാജ്യത്ത് മരിച്ചത്. പുതുതായി 412 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ആദ്യമായാണ് രാജ്യത്ത് ഒരു ദിവസത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 400 കടക്കുന്നത്. 32 ,000 പേരില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും രോഗബാധിതരെ കണ്ടെത്തിയത്.ഇതോടെ യുഎഇയിലെ കൊറോണ് വൈറസ് ബാധിതരുടെ ആകെയെണ്ണം 4,933 ആയി.അതേസമയം കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 81 പേര്‍ കൂടി പുതുതായി രോഗവിമുക്തിനേടി.ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 933 ആയി ഉയര്‍ന്നു.
കുവൈറ്റില്‍ കോവിഡ് ബാധ മൂലം ഒരാള്‍ കൂടി മരിച്ചു. എണ്‍പത് വയസുള്ള വയോധികയാണ് മരിച്ചത്. ഇവര്‍ ശ്വാസതടസത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.അതേസമയം ഇന്ന് 55 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കുവൈറ്റില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1355 ആയി. 1176 പേര്‍ ചികിത്സയിലുണ്ട്. 26 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.