EntertainmentKeralaNews

കാർമേഘം മാറി, കാറും കോളും ഒഴിഞ്ഞു’, ‘തുറമുഖം’ 10ന് തിയേറ്ററുകളിൽ

കൊച്ചി:മലയാളത്തിന്റെ പ്രിയ യുവതാരം നിവിൻ പോളി നായകനായി എത്തുന്ന ‘തുറമുഖം’ റിലീസിന് ഒരുങ്ങുന്നു. രാജീവ് രവി സംവിധാനം ചെയ്ത ചിത്രം മാർച്ച് 10ന് തിയേറ്ററുകളിൽ എത്തും. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.

കൊച്ചിയിൽ 1962 വരെ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് സിനിമയുടെ പ്രധാന പ്രമേയം. ചിത്രത്തിൽ മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്.

പുതിയ കൊച്ചി തുറമുഖം നിർമ്മിക്കുന്ന 1920കളിലാണ് കഥ തുടങ്ങുന്നത്. നാടിന്റെ നാനാഭാഗത്ത് നിന്നും ജോലി തേടി നിരവധി പേർ ലേബർ കോണ്ട്രാക്ടർമാരുടെ ഓഫീസുകൾക്ക് മുന്നിൽ തടിച്ചുകൂടുന്നു. കോണ്ട്രാക്ടർമാരും ശിങ്കിടികളും എറിയുന്ന മെറ്റൽ ടോക്കണുകൾക്ക് വേണ്ടി, ഒരു നേരത്തെ അന്നത്തിനു വക കിട്ടാനുള്ള തൊഴിലിനു വേണ്ടി തൊഴിലാളികൾ പരസ്പരം പൊരുതുന്ന ഒരു കാലം. പിന്നീട് 1940കളിലേക്കും 50കളിലേക്കും നീങ്ങുന്ന കഥയിൽ ഏറെ വളർന്ന കൊച്ചി തുറമുഖം, കരാറുകാരും മുതലാളിമാരും അവരുടെ ഭാഗം ചേരുന്ന യൂണിയൻ നേതാക്കളും അടങ്ങുന്ന ഒരു മാഫിയയുടെ വിളനിലമാകുന്നു.

തൊഴിലാളികൾ പണിയെടുക്കാനും മാന്യമായി ജീവിക്കാനുമുള്ള അവകാശത്തിനു വേണ്ടി പോരാടേണ്ടി വരുന്ന കാലം. ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം. നന്മക്കും തിന്മക്കും ഇടയിൽ, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനിൽപ്പിനും ഇടയിൽ, പ്രത്യാശക്കും നിരാശക്കും ഇടയിൽ ഉലയുന്ന രണ്ടു തലമുറകളുടെ കഥയാണ് സിനിമ പറയുന്നത്.

നിവിൻ പോളി, ജോജു ജോർജ്, ഇന്ദ്രജിത്ത് സുകുമാരൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠ രാജൻ, ശെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിൽ. രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിന് ഗോപൻ ചിദംബരനാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. എഡിറ്റർ – ബി. അജിത്കുമാർ,

കലാസംവിധാനം – ഗോകുൽ ദാസ്, സംഗീതം – ഷഹബാസ് അമൻ & കെ തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീൻ മേരി സിനിമാസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് നിർമ്മിക്കുന്ന ചിത്രത്തിൽ ജോസ് തോമസ് സഹനിർമ്മാതാവാണ്. എഡിറ്റിങ് -ബി അജിത്കുമാർ, കലാസംവിധാനം -ഗോകുൽ ദാസ്, സംഗീതം -കെ ഷഹബാസ് അമൻ. ഡിസൈൻ – ഓൾഡ്മങ്ക്സ്, ഡിസ്ട്രിബൂഷൻ ലീഡ് – ബബിൻ ബാബു, ഓൺലൈൻ പ്രൊമോഷൻ – അനൂപ് സുന്ദരൻ, പി ആർ ഓ- എ എസ് ദിനേശ്, ആതിര, മാർക്കറ്റിങ് പ്ലാൻ – ബിനു ബ്രിങ്ഫോർത്ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button