പാലക്കാട്: കേരളത്തില്‍ വീണ്ടും മാവോയിസ്റ്റ് വേട്ട. അട്ടപ്പാടി അഗളിയിലെ ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ടുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. മഞ്ചക്കട്ടി ഊരിലാണു ഏറ്റുമുട്ടല്‍ ഉണ്ടായത്. മാവോയിസ്റ്റുകള്‍ ക്യാമ്പ് നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അസി. കമാന്‍ഡന്റ് സോളമന്റെ നേതൃത്വത്തിലുള്ള തണ്ടര്‍ബോള്‍ട്ട് സംഘം ഇവിടെയെത്തുകയായിരുന്നു. ഇവിടെവെച്ച് മാവോയിസ്റ്റുകള്‍ തണ്ടര്‍ ബോള്‍ട്ട് സംഘത്തിനു നേരെ വെടിയുതിര്‍ത്തെന്നും അവര്‍ തിരിച്ചടിച്ചുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം തണ്ടര്‍ബോള്‍ട്ട് സംഘത്തില്‍പ്പെട്ട ആര്‍ക്കെങ്കിലും പരിക്കുണ്ടോ എന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. പോലീസ് തിരയുന്ന മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടതെന്ന സൂചനയാണ് ലഭിക്കുന്നത്. എന്നാല്‍ മരിച്ചവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഉള്‍വനത്തില്‍ നിന്നും എകെ 47 തോക്കുകളും വെടിക്കോപ്പുകളും കണ്ടെത്തിയിട്ടുണ്ടെന്നും സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നുമാണ് പോലീസിന്റെ വിശദീകരണം. കഴിഞ്ഞദിവസം മാവോയിസ്റ്റുകളുടെ സാന്നിധ്യത്തെപ്പറ്റി ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും അതേത്തുടര്‍ന്നാണ് തണ്ടര്‍ബോള്‍ട്ട് സംഘം ഇവിടെയെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.