മുംബൈ: കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥ ഐശ്വര്യ ഡോങ്റെ വിവാഹിതയായി. കൊച്ചിയിലെ ഐ.ടി പ്രൊഫഷണൽ കൂടിയായ മലയാളി അഭിഷേകാണ് വരൻ. മുംബൈ ജുഹുവിലെ ഇസ്‌കോണ്‍ മണ്ഡപം ഹാളില്‍ വച്ചായിരുന്നു വിവാഹം. കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണറായിരുന്ന ഐശ്വര്യ നിലവില്‍ തൃശൂര്‍ റൂറല്‍ എസ്.പിയാണ്. വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കാനായി കേരളത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുൾപ്പെടെ നിരവധി പേർ മുംബൈയിലെത്തി.
മുംബൈ സ്വദേശിനിയായ ഐശ്വര്യ 2017 ഐ.പി.എസ് ബാച്ചുകാരിയാണ്. കൊവിഡ് കാലത്ത് അര മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്നും ഹെലികോപ്ടറില്‍ ഹൃദയം കൊച്ചിയിലെത്തിക്കാന്‍ നേതൃത്വം നല്‍കിയ സംഭവത്തോടെയാണ് ഐശ്വര്യ ശ്രദ്ധ നേടിയത്. അന്ന് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറായിരുന്നു ഐശ്വര്യ.
കൊച്ചി ഡിസിപിയായി ചുമതലയെടുത്തയുടന്‍ മഫ്തിയിലെത്തിയ തന്നെ തടഞ്ഞ വനിതാ ഉദ്യോഗസ്ഥക്കെതിരെ ഐശ്വര്യ നടപടി സ്വീകരിച്ചത് വിവാദമായിരുന്നു. നഗരത്തില്‍ പെറ്റിക്കേസുകളുടെ എണ്ണം കൂട്ടാന്‍ എല്ലാ സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയ ഐശ്വര്യയുടെ നടപടിയും വിവാദമായിരുന്നു. ദയവായി എന്നെ ഒരു വനിതാ ഓഫീസറായി മുദ്രകുത്തരുത് എന്ന് റിപ്പബ്ലിക് ടിവിയുമായുള്ള അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞതും ശ്രദ്ധേയമായിരുന്നു. കൊച്ചി ഡിസിപിയായി എത്തിയപ്പോൾ ബെഹ്‌റയുടെ സുഹൃത്തിന്റെ മകൻ അഭിഷേകിനെ കണ്ടു. ആ പരിചയം പിന്നീട് വിവാഹത്തിലേക്ക് നീങ്ങുകയായിരുന്നു.