തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്ത് സ്‌ഫോടനം. മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു. 40 ഓളംപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. തിരുവമ്പാടി ദേവസ്വംബോർഡിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന മുണ്ടത്തിക്കോടാണ് സ്‌ഫോടനം നടന്നത്.
തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ട് പുരയിലാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീഷിനുൾപ്പെടെയുള്ളവർക്കാണ് പൊള്ളലേറ്റത്. ഇപ്പോഴും പടക്ക സാമഗ്രികൾ പൊട്ടിക്കൊണ്ടിരിക്കുകയാണ്. ചെറിയ വഴിയായതിനാൽ ഫയർഫോഴ്സ് സംഘത്തിന് സംഭവസ്ഥലത്ത് എത്താൻ പ്രയാസം നേരിട്ടു. തുടർന്ന് സമീപത്തെ മതിൽ തകർത്താണ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയത്.
തൃശ്ശൂർ പൂരത്തിനായി വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന പുരയിൽ 15 മിനിറ്റ് മുൻപ് ഭീകരമായ സ്ഫോടനം ഉണ്ടായി. ഭൂമി കുലുങ്ങുന്നതിന് തുല്യമായ ഉഗ്രശബ്ദത്തോടെ രണ്ട് തവണയാണ് സ്ഫോടനമുണ്ടായത്. പൂരത്തിന്റെ വെടിക്കെട്ടിനുള്ള മരുന്നുകൾ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് ഈ അപകടം സംഭവിച്ചിരിക്കുന്നത്. പ്രദേശവാസികൾ ഒന്നടങ്കം സ്ഥലത്തേക്ക് ഓടിയെത്തിയെങ്കിലും ഇപ്പോഴും പടക്കങ്ങൾ പൊട്ടിക്കൊണ്ടിരിക്കുന്നതിനാൽ ആർക്കും അടുത്തേക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. പാടത്ത് മുഴുവൻ പടക്കങ്ങൾ തെറിച്ചു വീണ് പൊട്ടുന്ന അതീവഭീകരമായ അന്തരീക്ഷമാണ് നിലവിലുള്ളത്.’മാധ്യമപ്രവർത്തകനായ സനീഷ് പറയുന്നു.
രക്ഷാപ്രവർത്തനത്തിനായി പോലീസും ഫയർഫോഴ്സും ആംബുലൻസുകളും സ്ഥലത്തെത്തിയിട്ടുണ്ടെങ്കിലും തീ അണയ്ക്കാൻ സാധിച്ചിട്ടില്ല. ഉഗ്രസ്ഫോടനത്തെ തുടർന്ന് അവശിഷ്ടങ്ങൾ ദൂരേക്ക് തെറിച്ചു വീഴുന്നതിനാൽ ആരെയും ഉള്ളിലേക്ക് കടത്തിവിടുന്നില്ല. തീ അണച്ചതിനു ശേഷം മാത്രമേ പരിക്കേറ്റവർക്കായി കൂടുതൽ തിരച്ചിൽ നടത്താൻ സാധിക്കുകയുള്ളൂ. സ്ഫോടനം നടന്ന സമയത്ത് പടക്കശാലയിലുണ്ടായിരുന്ന പലരും ഓടി രക്ഷപ്പെട്ടതായി വിവരമുണ്ട്. എങ്കിലും സ്ഫോടനത്തിന്റെ ആഘാതത്തിൽ പലർക്കും ഗുരുതരമായ പരിക്കുകൾ ഏറ്റിട്ടുണ്ടാകാമെന്ന് കരുതപ്പെടുന്നു. സ്ഫോടനം നടന്ന സ്ഥലത്തേക്ക് എത്തുന്നതിനുള്ള വഴി വളരെ ഇടുങ്ങിയതാണെന്നത് ഫയർഫോഴ്സിന്റെ നീക്കങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
English Summary
Tragedy struck Thrissur as a massive explosion at a firecracker manufacturing unit in Mundathikode claimed three lives. The facility, owned by Satheesh—the licensed contractor for the Tiruvambady Devaswom—was preparing fireworks for the upcoming Thrissur Pooram. Over 40 people were injured, with five in critical condition at Thrissur Medical College. Firefighters faced difficulty reaching the site due to narrow lanes and had to demolish a nearby wall to gain access. Ongoing minor explosions continue to hinder rescue operations. The accident has cast a shadow over the upcoming Pooram festival on April 26.


