തൃശൂർ∙ പൂരം വെടിക്കെട്ട് ഉച്ചയ്ക്ക് ഒരുമണിക്ക് നടത്തുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു. മഴയെത്തുടർന്നാണ് വെടിക്കെട്ട് മാറ്റിവച്ചത്. എല്ലാം സജ്ജമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ അറിയിച്ചു. വെടിക്കോപ്പുകൾ ഇനിയും സൂക്ഷിക്കുക പ്രയാസകരമാണെന്നും അധികൃതർ പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ ഊർജിത ശ്രമം നടത്തുകയാണ്. സ്വരാജ് റൗണ്ടിൽ ഉൾപ്പെടെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
സാംപിൾ വെടിക്കെട്ടിന് ഏർപ്പെടുത്തിയ രീതിയിലുള്ള എല്ലാ നിയന്ത്രണങ്ങളും ഉണ്ടാകും. പകൽ വെടിക്കെട്ടായതിനാൽ വർണക്കാഴ്ച ഉണ്ടാവില്ല. വൈകുന്നേരം മഴയുടെ സാധ്യത നിലനിൽക്കുന്നതിനാലാണ് ഉച്ചയ്ക്ക് വെടിക്കെട്ട് നടത്തുന്നത്. വെടിക്കെട്ട് സാമഗ്രികള്‍ എല്ലാം സുരക്ഷിതമായി പൊലീസ് കാവലില്‍ സൂക്ഷിച്ചിരിക്കുകയാണ്.
11നു രാവിലെയാണു വെടിക്കെട്ടു നടത്തേണ്ടിയിരുന്നത്. 4000 കിലോഗ്രാം വെടിമരുന്നാണു രണ്ടു ദേവസ്വങ്ങളും കൂടി സൂക്ഷിച്ചിരിക്കുന്നത്. വെടിക്കെട്ടു പുരയുടെ താക്കോൽ ജില്ലാ ഭരണകൂടം ഏറ്റെടുത്തിരുന്നു.