24.6 C
Kottayam
Friday, June 5, 2026

’96’ സിനിമ പ്രചോദനം, കോളേജിലെ പൂര്‍വവിദ്യാര്‍ഥി സംഗമത്തിലൂടെ പ്രണയം, കാമുകിയെ സ്വന്തമാക്കാൻ അന്ന് ആദ്യഭാര്യയെ കൊന്നു; മൃതദേഹത്തിൻ്റെ തോളിൽ കൈയിട്ട് കാമുകി, പുറത്തു വരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങൾ

Must read

തൃശ്ശൂര്‍: തൃശ്ശൂര്‍ പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെന്ന് കരുതുന്ന കോട്ടയം ചങ്ങനാശ്ശേരി ഇത്തിത്താനം കൊല്ലമറ്റത്ത് പ്രേംകുമാര്‍(46) മറ്റൊരു കൊലക്കേസിലും പ്രതി. 2019-ല്‍ കാമുകിയ്‌ക്കൊപ്പം ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയായിരുന്നു ഇയാള്‍. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയശേഷമാണ് പടിയൂരില്‍ കൊല്ലപ്പെട്ട രേഖ(43)യെ പ്രേംകുമാര്‍ വിവാഹം കഴിച്ചതെന്നാണ് വിവരം.

പടിയൂര്‍ പഞ്ചായത്ത് ഓഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശിനി കൈതവളപ്പില്‍ മണി(74), മകള്‍ രേഖ(43) എന്നിവരെ ബുധനാഴ്ച വൈകീട്ടോടെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അഴുകിയനിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന്റെ സമീപത്തുനിന്ന് രേഖയ്‌ക്കെതിരേ മോശം പരാമര്‍ശങ്ങളടങ്ങിയ ഒരു കത്തും ചില ചിത്രങ്ങളും ലഭിച്ചിരുന്നു. രേഖയുടെ ഭര്‍ത്താവായ പ്രേംകുമാറിനെ കാണാതായതോടെ ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. രണ്ടുപേരെയും കൊലപ്പെടുത്തിയശേഷം പ്രേംകുമാര്‍ രക്ഷപ്പെട്ടെന്നാണ് നിഗമനം. ഇയാള്‍ക്കായി പോലീസ് ഊര്‍ജിതമായ തിരച്ചില്‍ നടത്തിവരികയാണ്.

ബുധനാഴ്ച ഉച്ചയോടെ വീട്ടില്‍നിന്ന് ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ ഇരിങ്ങാലക്കുട ബോയ്സ് സ്‌കൂളിലെ ജീവനക്കാരിയായ മണിയുടെ മൂത്തമകള്‍ സിന്ധുവിനെ വിവരമറിയിക്കുകയായിരുന്നു. സിന്ധു വീട്ടിലെത്തി പിറകുവശത്തെ വാതില്‍ തുറന്ന് അകത്തുകയറി. വീടിനുള്ളില്‍ സാധനങ്ങള്‍ അലങ്കോലമായ നിലയിലായിരുന്നു. തുടര്‍ന്ന് കാട്ടൂര്‍ പോലീസില്‍ വിവരമറിയിച്ചു. കാട്ടൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ ഇ.ആര്‍. ബൈജുവിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി സഹോദരിയില്‍നിന്ന് മൊഴിയെടുത്തു.

- Advertisement -

മുന്‍ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രേംകുമാറും രേഖയും അഞ്ചുമാസം മുന്‍പാണ് വിവാഹിതരായത്. രേഖയുടെയും രണ്ടാമത്തെ വിവാഹമായിരുന്നു ഇത്.

- Advertisement -

ആറുമാസം മുന്‍പാണ് മണിയും രേഖയും പടിയൂരില്‍ വീട് വാടകയ്‌ക്കെടുത്ത് താമസമാരംഭിച്ചത്. അതിനുശേഷമായിരുന്നു രേഖയും പ്രേംകുമാറും തമ്മിലുള്ള വിവാഹം. രണ്ടുദിവസം മുന്‍പ് രേഖ പ്രേംകുമാറിന്റെ പേരില്‍ വനിതാ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായി സിന്ധു പോലീസിനോട് പറഞ്ഞു. തിങ്കളാഴ്ച ഇരുവരോടും കൗണ്‍സിലിങ്ങിനെത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. പോലീസ് സ്റ്റേഷനില്‍നിന്ന് വീട്ടിലേക്കു മടങ്ങിയശേഷം അമ്മയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നാണ് സിന്ധു പറയുന്നത്. രേഖയുടെ മൃതദേഹത്തിനടുത്തുനിന്ന് പ്രേംകുമാര്‍ എഴുതിയതെന്ന് കരുതുന്ന ഭീഷണിക്കത്തും ലഭിച്ചിട്ടുണ്ട്.

2019-ലാണ് പ്രേംകുമാര്‍ കാമുകിയ്‌ക്കൊപ്പം ചേര്‍ന്ന് ആദ്യഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രേംകുമാറിനെയും കാമുകിയായ തിരുവനന്തപുരം വെള്ളറട സ്വദേശി സുനിത ബേബി(39)യെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാമുകിയ്‌ക്കൊപ്പം ജീവിക്കാനായാണ് തിരുവനന്തപുരത്തെ വില്ലയില്‍വെച്ച് പ്രതികള്‍ വിദ്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം തിരുനെല്‍വേലി ഹൈവേയ്ക്കരികിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. കൃത്യം നടത്തിയതിന് പിന്നാലെ ഭാര്യയെ കാണാനില്ലെന്ന് പ്രേംകുമാര്‍ പോലീസില്‍ പരാതിയും നല്‍കി. തുടര്‍ന്ന് കാമുകിയായ സുനിതയ്‌ക്കൊപ്പം ഉദയംപേരൂരില്‍ താമസിച്ചുവരുന്നതിനിടെ പോലീസ് ഇരുവരെയും പിടികൂടുകയായിരുന്നു.

ആദ്യവിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷമായിരുന്നു ചേര്‍ത്തല സ്വദേശിനിയായ വിദ്യ കോട്ടയം സ്വദേശിയായ പ്രേംകുമാറിനെ വിവാഹംകഴിച്ചത്. ഇതോടെ ചേര്‍ത്തലയിലെ കുടുംബത്തില്‍നിന്നും അകന്നു. തുടര്‍ന്ന് പ്രേംകുമാറിനൊപ്പം എറണാകുളം ഉദയംപേരൂരില്‍ താമസിച്ചുവരികയായിരുന്നു. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്.

- Advertisement -

വിദ്യയ്‌ക്കൊപ്പം താമസിച്ചുവരുന്നതിനിടെയാണ് കോളേജിലെ സഹപാഠികളായിരുന്ന പ്രേംകുമാറും സുനിത ബേബിയും വീണ്ടും കണ്ടുമുട്ടിയത്. കോളേജിലെ പൂര്‍വവിദ്യാര്‍ഥി സംഗമത്തിലായിരുന്നു ഇവരുടെ സൗഹൃദം വീണ്ടും മൊട്ടിട്ടത്. തുടര്‍ന്ന് ’96’ സിനിമയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രണ്ടുപേരും പ്രണയത്തിലായി. പ്രണയം ശക്തമായതോടെ ഒരുമിച്ചുജീവിക്കാനും അതിനായി വിദ്യയെ എങ്ങനെയെങ്കിലും ജീവിതത്തില്‍നിന്ന് ഒഴിവാക്കാനും ഇരുവരും തീരുമാനിച്ചു.

ഈ സമയം തിരുവനന്തപുരം കളിയക്കാവിളയിലെ ഒരു ആശുപത്രിയില്‍ നഴ്‌സിങ് സൂപ്രണ്ടായിരുന്നു സുനിത ബേബി. പ്രേംകുമാറും സുനിത ബേബിയും മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം 2019 മേയ് മുതല്‍ തിരുവനന്തപുരം പേയാട് ഒരു വില്ല വാടകയ്‌ക്കെടുത്ത് ഒരുമിച്ച് താമസം ആരംഭിച്ചിരുന്നു. പ്രേംകുമാര്‍ തമ്പാനൂരിലെ ഒരു ഹോട്ടലില്‍ സ്‌റ്റോര്‍കീപ്പറായും ജോലിയില്‍ പ്രവേശിച്ചു. ഇതിനിടെ, സുനിതയുമായുള്ള ബന്ധത്തെച്ചൊല്ലി വിദ്യയും പ്രേംകുമാറും തമ്മില്‍ നിരന്തരം വഴക്കുണ്ടായി. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം താമസിക്കാതെ സുനിത ബേബി വില്ലയില്‍ താമസിക്കുന്നതിനെച്ചൊല്ലി സുനിതയുടെ വീട്ടിലും പ്രശ്‌നങ്ങളുണ്ടായിരുന്നു.

വാഹനാപകടത്തില്‍ കഴുത്തിന് പരിക്കേറ്റിരുന്ന വിദ്യയ്ക്ക് ആയുര്‍വേദ ചികിത്സ ലഭ്യമാക്കാമെന്ന് പറഞ്ഞാണ് പ്രേംകുമാര്‍ ഇവരെ തിരുവനന്തപുരത്ത് എത്തിക്കുന്നത്. തിരുവനന്തപുരത്ത് താമസിച്ച് ചികിത്സിക്കാമെന്നും ഇതിലൂടെ പരിക്ക് സുഖപ്പെടുമെന്നും പ്രേംകുമാര്‍ വിദ്യയെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് 2019 സെപ്റ്റംബര്‍ 21-ന് പുലര്‍ച്ചെയാണ് പ്രേംകുമാറും സുനിതയും ചേര്‍ന്ന് വിദ്യയെ കൊലപ്പെടുത്തിയത്.

സെപ്റ്റംബര്‍ 20-ാം തീയതി രാത്രി പ്രേംകുമാര്‍ ബീവറേജസ് ഔട്ട്‌ലെറ്റില്‍നിന്ന് മദ്യം വാങ്ങിയാണ് വില്ലയിലെത്തിയത്. നല്ല തിരക്കായതിനാല്‍ ബീവറേജസിലെ വരിയില്‍ ഇടയ്ക്ക് കയറിനിന്നാണ് മദ്യം വാങ്ങിയതെന്നും ഇയാള്‍ പിന്നീട് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് രാത്രി വില്ലയിലെത്തിയ പ്രതി ഭാര്യയെ മദ്യംനല്‍കി ബോധരഹിതയാക്കി. ഇതിനുശേഷമാണ് കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയത്.

കൊലപാതകത്തിന് ശേഷം മൃതദേഹം കീറിമുറിച്ച് ഉപേക്ഷിക്കാനായിരുന്നു പ്രേംകുമാറിന്റെയും സുനിത ബേബിയുടെയും പദ്ധതി. ഇതിനായി സര്‍ജിക്കല്‍ ബ്ലേഡുകളും വാങ്ങിയിരുന്നു. എന്നാല്‍, മൃതദേഹം മുറിക്കാന്‍ ശ്രമിച്ചപ്പോള്‍ രക്തം ഒഴുകിയതോടെ പ്രതികള്‍ പരിഭ്രാന്തരായി. ഇതോടെ മൃതദേഹം വെട്ടിമുറിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. തുടര്‍ന്ന് മൃതദേഹം ഉപേക്ഷിക്കാനായി പ്രേംകുമാര്‍ ഒരു സുഹൃത്തിന്റെ സഹായംതേടി. എന്നാല്‍, ഇയാള്‍ വരാന്‍ കൂട്ടാക്കിയില്ല. എന്നാല്‍, തമിഴ്‌നാട്ടില്‍ എവിടെയെങ്കിലും കൊണ്ടുപോയി മൃതദേഹം ഉപേക്ഷിക്കാന്‍ സുഹൃത്ത് പ്രേംകുമാറിന് ഉപദേശം നല്‍കി. ആരും അറിയില്ലെന്നും ഉറപ്പുനല്‍കി. ഈ സുഹൃത്തും പിന്നീട് കേസില്‍ പ്രതിയായി.

പ്രേംകുമാറും സുനിതയും വിദ്യയുടെ മൃതദേഹവുമായി കാറില്‍ തിരുനെല്‍വേലി ഭാഗത്തേക്കാണ് പോയത്. യാത്രയ്ക്കിടെ സംശയം തോന്നാതിരിക്കാന്‍ കാറിന്റെ പിന്‍സീറ്റില്‍ ഒരാള്‍ ഇരിക്കുന്നത് പോലെയാണ് മൃതദേഹംവെച്ചിരുന്നത്. മൃതദേഹം മറിയാതിരിക്കാനും സംശയം തോന്നാതിരിക്കാനും സുനിത മൃതദേഹത്തിന്റെ തോളില്‍കൈയിട്ടാണ് തിരുനെല്‍വേലി വരെ യാത്രചെയ്തത്. തുടര്‍ന്ന് തിരുനെല്‍വേലി ഹൈവേയ്ക്കരികിലെ ഒരു കുറ്റിക്കാട്ടില്‍ ഇരുവരും ചേര്‍ന്ന് മൃതദേഹം ഉപേക്ഷിച്ചു. തുടര്‍ന്ന് രണ്ടാംദിവസം ഭാര്യയായ വിദ്യയെ കാണാനില്ലെന്ന് പറഞ്ഞ് പ്രേംകുമാര്‍ എറണാകുളം ഉദയംപേരൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കി.

ഇതിനിടെ, അന്വേഷണം വഴിതെറ്റിക്കാനായി വിദ്യയുടെ മൊബൈല്‍ഫോണ്‍ പ്രതി തിരുവനന്തപുരം-മുംബൈ എല്‍ടിടി നേത്രാവതി എക്‌സ്പ്രസില്‍ ഉപേക്ഷിച്ചിരുന്നു. ഈ മൊബൈല്‍ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് സംഘം, വിദ്യ ഗോവയിലേക്ക് പോയെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, അന്വേഷണത്തില്‍ വിദ്യയെ കണ്ടെത്താനായില്ല. സംഭവത്തില്‍ അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കെയാണ് പ്രേംകുമാറിലേക്ക് സംശയം നീണ്ടത്.

ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കിയശേഷം ഇയാള്‍ വീണ്ടും അന്വേഷിച്ചെത്താത്തതും കാമുകിയ്‌ക്കൊപ്പം താമസിക്കുന്നതും സംശയം ബലപ്പെടുത്തി. തുടര്‍ന്ന് പോലീസ് അന്വേഷണം ശക്തമായതോടെ പ്രതി തന്നെ കുറ്റംസമ്മതം നടത്തുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയതായി വാട്‌സാപ്പ് സന്ദേശത്തിലൂടെയാണ് പ്രതി പോലീസിനോട് കുമ്പസാരം നടത്തിയത്. പിന്നാലെ പോലീസ് തമിഴ്‌നാട് പോലീസുമായി ബന്ധപ്പെട്ട് മൃതദേഹം കണ്ടെത്തി. അഴുകിയനിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാന്‍ ആരും എത്താതിരുന്നതിനാല്‍ അനാഥ മൃതദേഹമെന്ന് കരുതി തമിഴ്‌നാട് പോലീസ് സംസ്‌കരിച്ചിരുന്നു. എന്നാല്‍, മൃതദേഹത്തിന്റെ ഫോട്ടോ കണ്ട് പ്രേംകുമാര്‍ തന്നെ ഇത് വിദ്യയുടേതാണെന്ന് സ്ഥിരീകരിച്ചു. പിന്നാലെ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തുകയുംചെയ്തു.

ഭാര്യയെ കൊലപ്പെടുത്തി കാമുകിയ്‌ക്കൊപ്പം സ്ഥിരതാമസം ആരംഭിച്ച പ്രേംകുമാര്‍ പോലീസ് അന്വേഷണം ശക്തമായതോടെ ഗള്‍ഫിലേക്ക് കടക്കാന്‍ പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായി മകനെ അനാഥമന്ദിരത്തിലാക്കി. എന്നാല്‍, സ്‌കൂള്‍പ്രവേശനവുമായി ബന്ധപ്പെട്ട നടപടികള്‍ നീണ്ടുപോയി. ഇതോടെയാണ് ഗള്‍ഫ് യാത്രയും നീണ്ടുപോയത്. നേരത്തെ വര്‍ഷങ്ങളോളം ഗള്‍ഫില്‍ ജോലിചെയ്തിരുന്നയാളാണ് പ്രേംകുമാറെന്നും പോലീസ് പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week