'കുംഭമേളയില്‍ 60 പേരോളം മരിച്ചു, ദുരന്തത്തില്‍ രാഷ്ട്രീയം കളിക്കാനില്ല'; പ്രതിപക്ഷത്തിന് മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി

'കുംഭമേളയില്‍ 60 പേരോളം മരിച്ചു, ദുരന്തത്തില്‍ രാഷ്ട്രീയം കളിക്കാനില്ല'; പ്രതിപക്ഷത്തിന് മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി

ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മറ്റു സ്ഥലങ്ങളിലെ സമാനമായ ദുരന്തത്തെ കാണിച്ച് ന്യായീകരിക്കാനോ രാഷ്ട്രീയം കളിക്കാനോ സര്‍ക്കാര്‍ മുതിരില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതിപക്ഷ വിമര്‍ശനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

‘ഇത്തരം സംഭവങ്ങള്‍ പല സ്ഥലങ്ങളിലും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അവിടെയും ഇവിടെയും സംഭവിച്ചു എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ ഇതിനെ ന്യായീകരിക്കാന്‍ പോകുന്നില്ല. കുംഭമേളയില്‍ 50-60 പേര്‍ മരിച്ചു, ഞാന്‍ അതിനെ വിമര്‍ശിച്ചില്ല. സര്‍ക്കാര്‍ ഇതില്‍ രാഷ്ട്രീയം കളിക്കില്ല. മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 15 ദിവസത്തെ സമയം നല്‍കി.

ആളുകള്‍ സ്റ്റേഡിയത്തിന്റെ ഗേറ്റുകള്‍ പോലും തകര്‍ത്തു. തിക്കിലും തിരക്കിലും പെട്ടു.ഇത്രയും വലിയ ജനക്കൂട്ടം ആരും പ്രതീക്ഷിച്ചിരുന്നില്ല. 35,000 ആണ് സ്റ്റേഡിയത്തിലെ സീറ്റിങ് കപാസിറ്റി. എന്നാല്‍ രണ്ടോ മൂന്നോ ലക്ഷംപേര്‍ അവിടെയെത്തി. സ്റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളാവുന്ന ആളുകളേ എത്തൂ എന്നായിരുന്നു ഞങ്ങളുടെ കണക്കുകൂട്ടല്‍” -മുഖ്യമന്ത്രി പറഞ്ഞു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപവീതം ധനസഹായം നല്‍കും. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ബംഗളൂരു അര്‍ബന്‍ ഡെപ്യൂട്ടി കമീഷണര്‍ നടത്തുന്ന മെജസ്റ്റീരിയല്‍ അന്വേഷണം 15 ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News