തൃശ്ശൂർ: കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റ സുരേഷ്‌ഗോപിയെക്കുറിച്ച് തൃശ്ശൂർ മേയർ എം.കെ. വർഗീസ് പറഞ്ഞ നല്ല വാക്കുകളോട് എൽ.ഡി.എഫിൽ രോഷം. തൃശ്ശൂരിന്റെ വികസനപദ്ധതിയെക്കുറിച്ച് നല്ല ബോധ്യമുള്ള വ്യക്തിയാണ് സുരേഷ് ഗോപിയെന്നും രാജ്യസഭാ എം.പി. ആയിരിക്കെതന്നെ അദ്ദേഹത്തിന് മുന്നിൽ വെച്ച പദ്ധതികൾ കേന്ദ്രമന്ത്രിയായതോടെ ശക്തമാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മേയർ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സുരേഷ് ഗോപിയോടുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു മേയറുടെ പ്രസ്താവന.
മേയർ പറയാൻ പാടില്ലാത്തതാണ് പറയുന്നതെന്നും അതുകൊണ്ടുതന്നെ അതിനെതിരേ ചർച്ചകൾ ഉയരുന്നത് സ്വാഭാവികമാണെന്നും സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് പറഞ്ഞു. സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് കോൺഗ്രസിൽനിന്ന് രാജിവെച്ച് സ്വതന്ത്രനായി മത്സരിച്ച് ജയിച്ചെങ്കിലും എൽ.ഡി.എഫിന്റെ പിന്തുണ ഒന്നുകൊണ്ടുമാത്രം മേയർ സ്ഥാനം ലഭിച്ച വ്യക്തി എതിർപാളയത്തിലെ നേതാവിനെ സ്തുതിക്കുന്നതും പദ്ധതികൾ വിഭാവനം ചെയ്യുന്നതും സി.പി.എം., സി.പി.ഐ. ജില്ലാ നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്.
അതേ സമയം, മേയർ എം.കെ. വർഗീസിന്റെ പിന്തുണകൊണ്ടാണ് എൽ.ഡി.എഫ്. തൃശ്ശൂർ കോർപറേഷൻ ഭരിക്കുന്നത്. തുടക്കത്തിൽ രണ്ടുവർഷത്തേക്ക് മേയർസ്ഥാനം നൽകാമെന്നായിരുന്നു ധാരണ. എന്നാൽ നാലുവർഷമായിട്ടും എം.കെ. വർഗീസിനെ മാറ്റി മറ്റൊരാളെ മേയറാക്കാൻ എൽ.ഡി.എഫിനായിട്ടില്ല. നിലവിൽ വർഗീസ് പിണങ്ങിയാൽ ഭരണം നഷ്ടപ്പെടുന്ന സ്ഥിതിയാണ്. മേയറുടെ മുന്നണി നിലപാടിനപ്പുറമുള്ള നീക്കങ്ങൾക്ക് എങ്ങനെ തടയിടണമെന്ന ആലോചന എൽ.ഡി.എഫ്. നേതൃത്വത്തിൽ തുടങ്ങിക്കഴിഞ്ഞതായി വ്യക്തമായ സൂചനയുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് സുരേഷ് ഗോപിയെ പുകഴ്ത്തിയ മേയറുടെ നടപടിയും വിവാദമായിരുന്നു. തുടർന്ന് സുരേഷ് ഗോപി മാത്രമല്ല മൂന്ന് സ്ഥാനാർഥികളും ഫിറ്റാണെന്ന് നിലപാട് തിരുത്തി. തിരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ തൃശ്ശൂരിലെ ഹോട്ടലിൽ അവിചാരിതമായി മേയറും സുരേഷ് ഗോപിയും കൂട്ടിമുട്ടിയിരുന്നു. എം.പി.യുടെ വികസനപ്രവർത്തനങ്ങൾക്ക് മേയർ പൂർണ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സത്യപ്രതിജ്ഞ നടന്ന ദിവസം സുരേഷ് ഗോപിയുമായി ചേർന്ന് നടത്താനുദ്ദേശിച്ച വികസനപദ്ധതികളെക്കുറിച്ച് മേയർ വിശദീകരിച്ചത്. അതോടെയാണ് മേയറുടെ പ്രവൃത്തികളെ നിയന്ത്രിക്കണമെന്ന ചർച്ച എൽ.ഡി.എഫിൽ ഉയർന്നത്.