രാവിലെ ജോലിയ്ക്ക് പോകാനായി തയ്യാറെടുക്കവെ വാക്കുതര്‍ക്കം; 30കാരിയെ ഭര്‍ത്താവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

തൃശൂര്‍: തൃശ്ശൂര്‍ ആനക്കല്ലില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍. കുടുംബകലഹത്തെത്തുടര്‍ന്ന് മുപ്പതുകാരിയായ ഉണ്ണിമായയെ ഭര്‍ത്താവ് ശിവപ്രസാദ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. സംശയരോഗമാണ് ഈ അരുംകൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പതിവുപോലെ ജോലിക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

അവണിശേരി സ്വദേശിനിയായ ഉണ്ണിമായ തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. ജോലിക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെ ദമ്പതികള്‍ തമ്മില്‍ മുറിക്കുള്ളില്‍ വെച്ച് കടുത്ത വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ ശിവപ്രസാദ് ഉണ്ണിമായയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ശിവപ്രസാദിന്റെ അമ്മ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടിയതോടെയാണ് അയല്‍വാസികള്‍ വിവരമറിയുന്നത്. ഉടന്‍ തന്നെ നാട്ടുകാരുടെ സഹായത്തോടെ ഉണ്ണിമായയെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കൃത്യത്തിന് ശേഷം വീട്ടില്‍ നിന്ന് രക്ഷപ്പെട്ട ശിവപ്രസാദിനെ കണ്ടെത്താന്‍ നെടുപുഴ പൊലീസ് ഊര്‍ജിതമായ തിരച്ചിലാണ് നടത്തിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അയ്യന്തോള്‍ പരിസരത്ത് വെച്ച് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശിവപ്രസാദിന്റെ സംശയ സ്വഭാവമാണ് ദാമ്പത്യ കലഹങ്ങള്‍ക്ക് പ്രധാന കാരണമായിരുന്നതെന്ന് നാട്ടുകാരും ബന്ധുക്കളും സൂചിപ്പിക്കുന്നുണ്ട്. മുന്‍പും ഇവര്‍ക്കിടയില്‍ നിരന്തരം വഴക്കുകള്‍ നടക്കാറുണ്ടായിരുന്നു.

നിലവില്‍ ഉണ്ണിമായയുടെ മൃതദേഹം തൃശൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കസ്റ്റഡിയിലുള്ള ശിവപ്രസാദിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. കൊലപാതകത്തിന് പിന്നില്‍ മറ്റ് പ്രേരണകളുണ്ടോ എന്നും ലഹരി ഉപയോഗം ഇതിന് കാരണമായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

A 30-year-old woman named Unnimaya was found dead at her husband’s house in Anakallu, Thrissur. Her husband, Shivaprasad, has been arrested for allegedly strangling her to death following a domestic dispute fueled by his suspicious nature. The incident occurred in the morning while the victim was preparing to leave for work.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News