തൃപ്പൂണിത്തുറ കസ്റ്റഡി മരണം:എസ്‌.ഐയ്ക്ക് സസ്‌പെൻഷൻ 

കൊച്ചി : തൃപ്പൂണിത്തുറയിൽ അലക്ഷ്യമായി വാഹനമോടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തയാൾ മരിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഹിൽ പാലസ് പൊലീസ് സ്റ്റേഷനിലെ ജൂനിയർ എസ് ഐ ജിമ്മിയെയാണ് സസ്പെൻഡ് ചെയ്തത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാണ് എസ് ഐയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയെയും നിയോഗിച്ചു. 

ഇരുമ്പനം കര്‍ഷക കോളനിയില്‍ ചാത്തന്‍വേലില്‍ രഘുവരന്റെ മകന്‍ മനോഹരന്‍ (52) ആണ് തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന്‌ മരിച്ചത്. മനോഹരനെ പോലീസ് മര്‍ദിച്ചതായി ദൃക്‌സാക്ഷിയുടെ മൊഴിയുണ്ട്.

വാഹന പരിശോധനയ്ക്കിടെ കൈകാണിച്ചിട്ട് വാഹനം നിര്‍ത്താത്തതിനെ തുടര്‍ന്ന് മനോഹരനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മനോഹരനെ പിടികൂടുകയും ഹെല്‍മറ്റ് ഊരിയതിന് പിന്നാലെ കവിളത്ത് അടിക്കുകയായിരുന്നെന്നും അതിന് ശേഷം മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയും പിന്നാലെ പോലീസ് ജീപ്പില്‍ കയറ്റി കൊണ്ടുപോവുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ശനിയാഴ്ച രാത്രി, ജീപ്പില്‍ സ്റ്റേഷനിലെത്തിച്ച ശേഷം മനോഹരന്‍ കുഴഞ്ഞുവീണെന്നാണ് പോലീസ് പറയുന്നത്. ഉടന്‍ പോലീസ് ജീപ്പില്‍ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ആംബുലന്‍സില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മനോഹരന്‍ മരിച്ച നിലയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News