എറണാകുളം:ജില്ലയിൽ ഇന്ന് 3 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മെയ് 27 ലെ കുവൈറ്റ് – കൊച്ചി വിമാനത്തിൽ വന്ന 38 വയസ്സുള്ള കുറുപ്പംപടി സ്വദേശിനിയായ യുവതി ആണ് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ. കോവിഡ് കെയർ സെൻ്ററിൽ നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മെയ് 28 ന് കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് രോഗം സ്ഥിരീകരിച്ചത്.
എയർ ഇന്ത്യ എക്സപ്രസ് ഉദ്യോഗസ്ഥയായ 49 കാരിയാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാൾ. ഗൾഫ് സെക്ടറിൽ ജോലി നോക്കി വരവെ നടത്തിയ പതിവ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം തേവര സ്വദേശിനിയാണ്. കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മുംബൈയിൽ നിന്നും കേരളത്തിലെ വിവിധ ജില്ലകളിലേക്ക് 12 യാത്രക്കാരുമായി മെയ് 15 ന് എത്തിയ ട്രാവലറിൻ്റെ 31 വയസുള്ള ഡ്രൈവറാണ് രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാൾ. എറണാകുളം പാലാരിവട്ടം സ്വദേശിയായ യുവാവ് മെയ് 15 മുതൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ട്രാവലറിൽ വന്ന 12 പേർക്കും പിന്നീട് വിവിധ ജില്ലകളിലായി രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിൽ തന്നെയും ട്രാവലറിൻ്റെ രണ്ട് ജീവനക്കാരെയും പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇന്ന് 757 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 460 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 9038 ആണ് . ഇതിൽ 8129 പേർ വീടുകളിലും , 619 പേർ കോവിഡ് കെയർ സെന്ററുകളിലും, 290 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.