ന്യൂഡൽഹി:ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയ കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി. ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തി. ആരോപണം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മൂന്നംഗ കമ്മീഷനെ നിയോഗിച്ചു. വിഷയത്തിൽ ഇടപെട്ട പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് കമ്മീഷനെ നിയോഗിച്ചത്. മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനായ സി.വി. ആനന്ദബോസ്, മുൻ ഡി.ജി.പി. ജേക്കബ് തോമസ് അതോടൊപ്പം മെട്രോമാൻ ഇ. ശ്രീധരൻ എന്നിവരടങ്ങുന്ന കമ്മീഷനാണ് പരിശോധിച്ച് റിപ്പോർട്ട് നൽകേണ്ടത്.
മൂന്ന് പേരും പാർട്ടി അംഗങ്ങളാണെങ്കിലും സ്വതന്ത്ര വ്യക്തിത്വങ്ങളാണ്. കേരളത്തിലെ ബി.ജെ.പിയുടെ നേതാക്കളെ ആരെയും ഈ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല എന്നതും ശ്രദ്ധേയമാണ്. കേരളത്തിലെ കനത്ത തോൽവിയെക്കാൾ പാർട്ടിക്ക് ഏറെ നാണക്കേടുണ്ടാക്കിയതാണ് കൊടകര കുഴൽപ്പണക്കേസ്. ഇതാണ് സത്യാവസ്ഥ അറിയാൻ കമ്മീഷനെ വച്ചത്. ഇതോടൊപ്പം തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന നേതൃത്വത്തിനെതിരെയും വലിയ തോതിൽ പരാതി ഉയർന്നിരുന്നു. നേതൃത്വത്തെ മാറ്റണം എന്നും ആവശ്യവും ഉയർന്നിരുന്നു. ഈ പരാതികൾ അന്വേഷിച്ച് സുരേഷ് ഗോപി എം.പിയോടും റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ഇപ്പോഴത്തെ നേതൃത്വത്തിനും ഈ റിപ്പോർട്ട് നിർണായകമാണ്. 2014-ലിൽ കള്ളപ്പണത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ടാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ ബി.ജെ.പി. സർക്കാർ അധികാരത്തിലെത്തിയത്. തുടർന്ന് നോട്ട് അസാധുവാക്കൽ അടക്കം വന്നു. കുഴൽപ്പണം വലിയ ചർച്ചയായതോടെ പ്രതിപക്ഷ പാർട്ടികൾ ബി.ജെ.പിക്കെതിരെ വലിയ ആയുധമാക്കി. ഇതോടെയാണ് വിഷയത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നേരിട്ട് ഇടപെട്ടത്.
രണ്ടു ദിവസമായി ഡൽഹിയിൽ നടന്ന പാർട്ടി ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ചർച്ച നടന്നിരുന്നു. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനത്തിൽ കേന്ദ്രനേതൃത്വം അതൃപ്തരാണ്. അനുകൂല മണ്ഡലങ്ങളിൽപ്പോലും വോട്ടുശതമാനം വർധിപ്പിക്കാനോ നിലവിലുണ്ടായിരുന്ന സീറ്റ് നിലനിർത്താനോ കഴിയാതിരുന്നത് സംഘടനാപരമായ ദൗർബല്യമായാണ് വിലയിരുത്തൽ. പാർട്ടിയിലെ ഗ്രൂപ്പുപോര് തിരഞ്ഞെടുപ്പുകാലത്ത് പ്രതിഫലിച്ചതായും പ്രചാരണമുൾപ്പെടെയുള്ള പ്രവർത്തനങ്ങളെ ക്ഷീണിപ്പിച്ചതായും വിലയിരുത്തലുണ്ട്.