31.1 C
Kottayam
Wednesday, May 8, 2024

എറണാകുളത്ത് മൂന്നംഗ കുടുംബം ജീവനൊടുക്കിയതിന് പിന്നില്‍ കടബാധ്യത; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Must read

പറവൂര്‍: മാതാപിതാക്കളും മകനുമടക്കം ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം. പെരുവാരം ഗവ. ഹോമിയോ ആശുപത്രിക്കു സമീപം വാടകയ്ക്കു താമസിക്കുന്ന കുഴുപ്പിള്ളി സ്വദേശി പതിയാപറമ്പില്‍ പി.എന്‍. രാജേഷ് (55), ഭാര്യ നിഷ (49), മകന്‍ ആനന്ദ് രാജ് (16) എന്നിവരാണു മരിച്ചത്. രാജേഷ് രണ്ടുവട്ടം കുഴിപ്പിള്ളി പഞ്ചായത്ത് അംഗമായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസ് നല്കുന്ന സൂചന.

ഇവര്‍ പെരുവാരത്തു വാടകയ്ക്കു താമസം തുടങ്ങിയിട്ട് ഒന്നര വര്‍ഷത്തോളമായി. ചൊവ്വാഴ്ച രാവിലെ ഇവരെ പുറത്തു കാണാതിരുന്നതിനാല്‍ വീട്ടുടമയെത്തി ബെല്‍ അടിച്ചെങ്കിലും വാതില്‍ തുറന്നില്ല. പുറത്തെവിടെയെങ്കിലും പോയതായിരിക്കുമെന്നു കരുതി തിരിച്ചുപോയെങ്കിലും, ഏറെനേരമായിട്ടും ആരെയും കാണാതായതോടെ പലതവണ ഇവരുടെ മൊബൈല്‍ ഫോണിലേക്കും വിളിച്ചു. ഫോണ്‍ എടുക്കാത്തതിനാല്‍ രാത്രി ഏഴോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

പോലീസെത്തി വാതില്‍ പൊളിച്ച് അകത്തു കയറി നോക്കിയപ്പോഴാണു മുന്നുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജേഷും നിഷയും നിലത്തുചാരി ഇരിക്കുന്ന നിലയിലും, ആനന്ദ് രാജ് കട്ടിലില്‍നിന്നു താഴേക്കു മറിഞ്ഞു കിടക്കുന്ന നിലയുമായിരുന്നു. വീട്ടില്‍ ഭക്ഷണ പദാര്‍ഥങ്ങളും ശീതളപാനീയവും ഉണ്ടായിരുന്നു. മത്സ്യം മൊത്ത വിതരണക്കാരനായിരുന്നു രാജേഷ്. ആനന്ദ് രാജ് ഓട്ടിസം ബാധിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിയുമാണ്.

ആഹാരത്തില്‍ വിഷം കലര്‍ത്തി കഴിച്ചു മരിച്ചതാണെന്നാണു പ്രാഥമിക നിഗമനം. വിദേശത്തായിരുന്ന രാജേഷ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് മത്സ്യക്കച്ചവടം തുടങ്ങിയത്. മത്സ്യം കൊടുത്തിട്ടു പണം ലഭിക്കാത്തതു മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നാണ് അറിയുന്നത്. വീട്ടില്‍ നിന്നു ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയും മകന്റെ ആരോഗ്യം സംബന്ധിച്ച വിഷമതകളുമാണു മരണത്തിലേക്കു നയിച്ചതെന്നാണു കത്തില്‍ പറയുന്നത്. വിഷം കഴിച്ചതു കൂടാതെ ഇവര്‍ വീട്ടില്‍ ഡീസല്‍ ഒഴിക്കുകയും അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നിടുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week